എറണാകുളം: ജീവിതത്തിന്‍റെ എല്ലാ മേഖലയിലും കൊവിഡ് മഹാമാരിയായി ആഞ്ഞടിച്ചപ്പോൾ പുതിയ ജീവിത ക്രമം ശീലിക്കുകയാണ് മനുഷ്യൻ. വീടുകളില്‍ മാത്രം ഒതുങ്ങുന്ന തൊഴില്‍, വിദ്യാഭ്യാസ രീതികൾ ആദ്യം പലർക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. എന്നാല്‍ അത്തരം പ്രതിസന്ധികളെ വിജയമാക്കിയ മാറ്റുകയാണ് കൊച്ചി സ്വദേശി ആരതി രഘുനാഥ്. പഠനം ഓൺലൈൻ പ്ലാറ്റ്‌ഫോമിലേക്ക് മാറിയപ്പോൾ ആരതി 88 ദിവസം കൊണ്ട് പഠിച്ച് പാസായത് വിവിധ വിദേശ സർവകലാശാലകളുടെ 520 സർട്ടിഫിക്കറ്റ് കോഴ്‌സുകളാണ്. അതിനുള്ള ഫലമായി യൂണിവേഴ്‌സൽ റെക്കോഡ് ഫോറത്തിന്‍റെ ലോക റെക്കോഡും ആരതിയെ തേടിയെത്തി.
ലോക്ക്ഡൗൺ കാലയളവിൽ വീട്ടിലിരിക്കുന്ന വേളയിലാണ് മാറമ്പള്ളി എംഇഎസ് കോളജ് അധികൃതർ കോഴ്‌സിറയെന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമിനെ കുറിച്ച് പറയുന്നത്. ഇതേ കോളജിലെ എംഎസ്‌സി ബയോകെമിസ്ട്രി രണ്ടാം വർഷ വിദ്യാർഥിനിയായ ആരതിയും എല്ലാ വിദ്യാർഥികളെയും പോലെ ഒന്നോ രണ്ടോ കോഴ്‌സുകൾ പൂർത്തിയാക്കാമെന്ന ഉദ്ദേശത്തോടെയാണ് പഠനം തുടങ്ങിയത്. പിന്നെയത് കോളജിലെ കൂടുതൽ കോഴ്‌സുകൾ പൂർത്തിയാക്കുന്ന വിദ്യാർഥിയാവണമെന്ന ആഗ്രഹത്തിലേക്ക് വളരുകയായിരുന്നു. എന്നാൽ ഒടുവില്‍ സംഭവിച്ചതാകട്ടെ പഠനം ആരതിയെ ലോക റെക്കോഡിലേക്ക് നയിച്ചു.
പഠിച്ചു തുടങ്ങുമ്പോൾ യുആർഎഫ് റെക്കോഡിനെ കുറിച്ച് അറിയുക പോലുമില്ലായിരുന്നുവെന്ന് ആരതി പറഞ്ഞു. കോഴ്‌സിറയിലൂടെയും മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും ഇപ്പോഴും പഠനം തുടരുകയാണെന്നാണ് ആരതി പറയുന്നത്. റെക്കോഡിലേക്ക് തന്നെ നയിച്ചത് മാറമ്പള്ളി എംഇഎസ് കോളജും അധ്യപകരുമാണെന്നതിൽ ആരതിക്ക് സംശയമില്ല. ആദ്യം പഠനം തുടങ്ങിയത് തന്‍റെ ഐച്ഛിക വിഷയമായ ബയോകെമിസ്ട്രിയുമായി ബന്ധപ്പെട്ടാണ്. പിന്നീട് കംപ്യൂട്ടർ സയൻസ്, മെഡിസിൻ, സൈക്കോളജി മേഖലകളിലേക്ക് പ്രവേശിക്കുകയായിരുന്നു. പഠിച്ച കോഴ്‌സുകളിൽ ഏറ്റവും താൽപര്യം തോന്നിയത് സൈക്കോളജിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആണെന്നും ആരതി പറയുന്നു.
ലോക്ക്ഡൗണില്‍ മൊബൈലിലും, ലാപ്‌ടോപ്പിലും എപ്പോഴും നോക്കിയിരുന്ന മകളെ കുറിച്ച് അച്ഛൻ രഘുനാഥിനും അമ്മ കലാദേവിക്കും ആദ്യം ആശങ്കയായിരുന്നു. ആദ്യഘട്ടത്തിൽ ഇതിന്‍റെ പേരിൽ ശകാരിക്കുകയും ചെയ്‌തു. അവസാനം കോളജിൽ നിന്നും അധ്യാപകർ സംസാരിച്ചാണ് മാതാപിതാക്കളെ കാര്യം ധരിപ്പിച്ചത്. ഇപ്പോഴാകട്ടെ മകളുടെ പേരിൽ അഭിമാനിക്കുകയാണ് രണ്ട് പേരും.
കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ലോക റെക്കോഡ് നേട്ടവുമായി കോളജിലേക്ക് പോകാനും സുഹൃത്തുക്കൾക്ക് ഒപ്പം സന്തോഷം പങ്കിടാനും കഴിയാത്തതിൽ ആരതിക്ക് സങ്കടമുണ്ട്. ഇതൊക്കെയാണെങ്കിലും ക്ലാസുകൾ ഓൺലൈനിൽ ആവുന്നതിൽ ആരതിക്ക് താൽപര്യമില്ല. ഭാവിയിൽ നല്ലൊരു അധ്യാപികയാകണമെന്നാണ് ആഗ്രഹം. മൂന്നാം ക്ലാസ് മുതൽ നൃത്തം അഭ്യസിക്കുന്ന ആരതി സ്‌കൂൾ കോളജ് തലങ്ങളിൽ നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്.