തിരുവനന്തപുരം: സംസ്ഥാനത്തെ കർഷക ആത്മഹത്യയില്‍ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് ഐസി ബാലകൃഷ്ണൻ എംഎല്‍എ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.
കർഷകർക്ക് തിരിച്ചടിയായ സർഫാസി നിയമം ഭാവിയിൽ സഹകരണ ബാങ്കുകളെ ബാധിക്കാതിരിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. മൊറട്ടോറിയം മറികടന്ന് ജപ്തി നടപടി കൈക്കൊള്ളുന്ന ബാങ്കുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും രണ്ട് ലക്ഷം വരെയുള്ള കാർഷിക കടം എഴുതിതള്ളാനുളള നടപടികളിലേക്ക് സർക്കാർ കടന്നതായും കൃഷി മന്ത്രി വിഎസ് സുനിൽ കുമാറും സഭയെ അറിയിച്ചു. കൃഷിമന്ത്രിയുടെ വിശദീകരണത്തെ തുടർന്നാണ് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചത്. 2003ൽ യുഡിഎഫ് സർക്കാരാണ് സർഫാസി നിയമം സഹകരണ മേഖലയിൽ നടപ്പാക്കിയതെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റി എന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിസഭാ തീരുമാനം നടപ്പാക്കാൻ പോലും സർക്കാരിന് കഴിയുന്നില്ലെന്ന് പറഞ്ഞു. സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ ആദ്യഗഡുവായി രണ്ട് ലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങൾ എഴുതി എഴുതിത്തള്ളണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.