ആലപ്പുഴ: വ്യക്തി താല്‍പ്പര്യങ്ങള്‍ക്ക് മാത്രം വില നല്‍കിയുള്ള ജീവിത രീതികളാണ് പല ബന്ധങ്ങളുടെയും തകര്‍ച്ചക്ക് കാരണമാകുന്നതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. ഇത്തരത്തിലുള്ള പ്രവണതകൾ സമൂഹത്തെ ഏറെ ദോഷകരമായി ബാധിക്കുമെന്നും ജോസഫൈന്‍ പറഞ്ഞു. ആലപ്പുഴയില്‍ വനിതാ കമ്മീഷന്‍റെ മെഗാ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
നിയമപരമല്ലാത്ത ബന്ധങ്ങള്‍ ഒരിക്കലും സമൂഹത്തിന് നല്ല സന്ദേശമല്ല നല്‍കുക. വ്യക്തിഗത ജീവിതം വഴിവിട്ടു പോകുന്നതിലൂടെ സംഭവിക്കുന്ന പ്രശ്‌നങ്ങളാണ് മെഗാ അദാലത്തില്‍ വന്ന പരാതികളില്‍ കൂടുതലും. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാവുന്ന അതിക്രമങ്ങള്‍ കമ്മീഷന്റെ ശ്രദ്ധയില്‍ വന്നിട്ടുണ്ട്. ഇത്തരം പരാതികളില്‍ തെറ്റുകാരായവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.
അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന മെഗാ അദാലത്തില്‍ 80 പരാതികളാണ് വനിതാകമ്മീഷന്‍ പരിഗണിച്ചത്. ഇതില്‍ മൂന്ന് പരാതികള്‍ വിവിധ വകുപ്പുകളുടെ വിശദമായ റിപ്പോര്‍ട്ടുകള്‍ക്കായി കൈമാറിയിട്ടുണ്ട്. അദാലത്തിലെത്തിയ 15 പരാതികള്‍ കമ്മീഷന്‍ തീര്‍പ്പാക്കി. 62 പരാതികള്‍ ഒക്ടോബര്‍ 30ന് നടക്കുന്ന അടുത്ത അദാലത്തിലേക്കായി മാറ്റിവച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് ഹാളിലാണ് അടുത്ത മാസം 30ന് അദാലത്ത് നടക്കുക.