ആലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തില്‍ തീരസംരക്ഷത്തിനായി കാറ്റാടിമരങ്ങള്‍ നട്ടുവളര്‍ത്തുന്ന പദ്ധതി രണ്ടാം ഘട്ടത്തിലെത്തി. കാറ്റാടി മരങ്ങള്‍ വെച്ച് പിടിപ്പിക്കുന്ന പ്രദേശത്ത് കടല്‍ക്ഷോഭം ശക്തമാകുന്നില്ല എന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണ് തൈകള്‍ തീരപ്രദേശത്ത് വെച്ച് പിടിപ്പിക്കുന്നത്.
25 പേരടങ്ങുന്ന സംഘങ്ങളായി തിരിഞ്ഞ് 180 തൊഴിലുറപ്പ് തൊഴിലാളികളാണ് 1300 മീറ്റര്‍ നീളത്തില്‍ പല നിലകളിലായി കാറ്റാടി തൈകള്‍ നട്ടുപിടിപ്പിച്ചത്. 6000 തൈകളാണ് ഇതുവരെ നട്ടുപിടിപ്പിച്ചത്. കടല്‍ക്കാറ്റ് തടയാനും സുനാമി ഉള്‍പ്പെടെ കടല്‍ക്ഷോഭങ്ങളെ പ്രതിരോധിക്കാനും ഇതുവഴി സാധിക്കും. കടല്‍ഭിത്തി കെട്ടുന്നതിനേക്കാള്‍ ചെലവ് കുറവും പരിസ്ഥിതി സൗഹൃദവുമാണ് കാറ്റാടി മരങ്ങള്‍. കാറ്റാടി ഇലകള്‍ പൊഴിഞ്ഞുവീണ് രൂപപ്പെടുന്ന ജൈവ ആവരണം മറ്റ് വൃക്ഷങ്ങള്‍ വളര്‍ന്നുവരാനുള്ള സാഹചര്യം ഉണ്ടാക്കുമെന്നും വിലയിരുത്തുന്നു.