ആലപ്പുഴ: സംസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് 1,200 ലോഡ് നെല്ല് പത്ത് ദിവസത്തിനകം സംഭരിക്കുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ. ഇതിനാവശ്യമായ മുഴുവൻ നിർദേശങ്ങളും ഉടൻ തന്നെ നൽകുമെന്നും മന്ത്രി പറഞ്ഞു. കുട്ടനാട്ടിലെ നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ ചേർന്ന മന്ത്രിതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നെല്ലുസംഭരണം അവശ്യകാര്യമായി ബുധനാഴ്‌ച ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ നിർദേശങ്ങൾ അനുസരിച്ചാണ് നെല്ലുസംഭരണം എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. നിലവിൽ കൊയ്ത്ത് കഴിഞ്ഞ കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിലെയും 1,200 ലോഡ് നെല്ലാണ് ഇത്തരത്തിൽ സംഭരിക്കാൻ തീരുമാനിച്ചത്. ഏപ്രിൽ മാസത്തിൽ 80 ശതമാനം നെല്ലും സംഭരിക്കും. മെയ് പകുതിയോടെ മിക്കവാറും നെല്ലുസംഭരണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കൊറോണ പ്രതിരോധപ്രവർത്തനങ്ങളുടെ നിർദേശങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ നെല്ലുസംഭരണത്തിന് നിയോഗിക്കുന്ന തൊഴിലാളികൾക്കും ലോറി ഡ്രൈവർമാർക്കും കൊയ്ത്തുയന്ത്രത്തിന്‍റെ ഡ്രൈവർമാർക്കും ബാധകമായ പ്രത്യേക പ്രോട്ടോക്കോൾ പൊലീസിന്‍റെ കൂടി സഹകരണത്തോടെ ജില്ലാ കലക്ടർ തയ്യാറാക്കി നൽകും. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പുറത്തിറക്കിയിട്ടുള്ള മാർഗനിർദേശങ്ങൾ കർശനമായും പാലിച്ചായിരിക്കും നെല്ലുസംഭരണം പൂർത്തിയാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.