ആലപ്പുഴ: സംസ്ഥാനത്തെ കൊവിഡ് വ്യാപനം നിയന്ത്രണാതീതമല്ലാത്ത സാഹചര്യത്തിൽ പാസഞ്ചർ തീവണ്ടികൾ ഉൾപ്പടെയുള്ള എല്ലാ ട്രെയിൻ സർവീസുകളും അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് എ.എം.ആരിഫ് എംപി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. നിലവിൽ ഏതാനും മെമു ട്രെയിനുകൾ ആരംഭിച്ചിട്ടുണ്ടെങ്കിലും എല്ലായിടത്തും സ്റ്റോപ്പ് അനുവദിച്ചിട്ടില്ല എന്നു മാത്രമല്ല, എക്‌സ്‌പ്രസ് ട്രെയിനുകളുടെ നിരക്കിൽ ഉയർന്ന ചാർജ്ജ് ഈടാക്കുന്നതുമൂലം യാത്രക്കാർ ബുദ്ധിമുട്ടുകയാണ്.
എക്‌സ്‌പ്രസ് ട്രെയിനുകളിൽ സീസൺ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യുന്നതിനും അനുമതി നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ സാധാരണക്കാരായ യാത്രക്കാർക്ക് ഉപകാരപ്രദമായ രീതിയിൽ പഴയതുപോലെ എല്ലാ സർവ്വീസുകളും പുനരാരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി പിയൂഷ് ഗോയൽ, റെയിൽവെ ബോർഡ് ചെയർമാൻ സുനീത് ശർമ്മ എന്നിവർക്ക് അയച്ച കത്തിൽ എംപി ആവശ്യപ്പെട്ടു.