ആലപ്പുഴ: ജില്ലയുടെ തീരദേശ മേഖലകളിൽ കേന്ദ്ര ദുരന്തനിവാരണ സേന സന്ദർശനം നടത്തി. ബുറെവി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ജില്ലയിൽ ശക്തമായ കാറ്റോടു കൂടിയ മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാലാണ് നടപടി. അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ തീരപ്രദേശങ്ങളായ കരൂർ അയ്യൻകോവിക്കൽ, തോട്ടപ്പള്ളി, പുറക്കാട്, പുന്നപ്ര, മാരാരിക്കുളം, ചെത്തി കടപ്പുറങ്ങളിലാണ് സംഘം സന്ദർശനം നടത്തിയത്. സ്ഥിതിഗതികളും മറ്റും വിലയിരുത്തിയ സംഘം പ്രദേശത്തെ മത്സ്യത്തൊഴിലാളികളെയും തീരദേശവാസികളെയും ബോധവത്കരിച്ചു.
ഏത് അടിയന്തര സാഹചര്യത്തിലും ജില്ലാ ഭരണകൂടം നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും തീരത്ത് പോകുന്നത് ഒഴിവാക്കണമെന്നും സംഘം നിർദേശിച്ചു. കാറ്റും കടലാക്രമണവും രൂക്ഷമായാൽ സുരക്ഷ മുൻനിർത്തി ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുവാനും ജനങ്ങളോട് സംഘം അഭ്യർഥിച്ചു.