ആലപ്പുഴ: ഉപജീവന മാര്‍ഗത്തിനായി പെയിന്‍റിങ് തൊഴിലാളിയായി ഇരുപത്തിയാറുകാരി. കാട്ടൂര്‍ സ്വദേശി ചൈത്ര രാമചന്ദ്രനാണ് ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെയിന്‍റിങ് തൊഴില്‍ ആക്കിയത്. ചൈത്ര കോളജ് വിദ്യാര്‍ഥിയായിരിക്കെയാണ് മത്സ്യത്തൊഴിലാളിയായ അച്ഛന്‍ രാമചന്ദ്രന്‍റെ മരണം.
കുടുംബത്തിന്‍റെ ഏക അത്താണിയായിരുന്ന അച്ഛന്‍ മരിച്ചതോടെ കുടുംബത്തിന്‍റെ ഉത്തരവാദിത്തം ചൈത്രക്കായി. മാത്രമല്ല അച്ഛന്‍ മരിച്ച് മൂന്നാം നാള്‍ വീട്ടിലെത്തിയ ജപ്‌തി നോട്ടിസിന് മുന്നില്‍ അമ്മയും, വിദ്യാര്‍ഥികളായ അനിയത്തിയും അനിയനുമടങ്ങുന്ന ചൈത്രയുടെ കുടുംബം പകച്ച് നിന്നു. തുടര്‍ന്ന് ഉപജീവന മാര്‍ഗം തേടിയുള്ള നെട്ടോട്ടത്തിലായിരുന്നു.
അങ്ങനെയിരിക്കെയാണ് ആദ്യം ലോട്ടറി ഏജന്‍സിയില്‍ വില്‌പനകാരിയായി ജോലിക്ക് പോയി തുടങ്ങിയത്. അതോടെ ഡിഗ്രി വിദ്യാര്‍ഥിനിയായ ചൈത്രയ്‌ക്ക് കോളജ് ജീവിതം അവസാനിപ്പിക്കേണ്ടി വന്നു. എന്നാല്‍ കൊവിഡ് വന്നതോടെ ഏക വരുമാന മാര്‍ഗമായ ലോട്ടറി കടയും അടച്ച് പൂട്ടി.
അങ്ങനെ ജീവിത മാര്‍ഗം വീണ്ടും വഴിമുട്ടി. തന്‍റെ സങ്കടങ്ങള്‍ കൂട്ടുകാരുമായി പങ്കിട്ടപ്പോഴാണ് പെയിന്‍റിങ് ജോലിയിലേക്ക് വാതില്‍ തുറന്നത്. മറിച്ചൊന്നും ചിന്തിക്കാതെ തന്നെ പെയിന്‍റിങ് ബക്കറ്റും ബ്രഷുമെടുത്ത് അടുത്ത ദിവസം മുതല്‍ ചൈത്ര പെയിന്‍റിങ് ജോലിക്ക് പോയി തുടങ്ങി.
പെയിന്‍റിങ് മേഖലയില്‍ ഏറ്റെടുക്കുന്ന ജോലികള്‍ ഭംഗിയായി തന്നെ ചൈത്ര തീര്‍ക്കും. പെയിന്‍റ് അടിക്കുന്നതും പുട്ടിയിടുന്നതുമെല്ലാം കണ്ടാല്‍ നല്ല തഴക്കം ചെന്ന ജോലിക്കാരെ പോലെ തോന്നും. പെയിന്‍റിങ് ജോലിക്ക് പോകുന്ന വീടുകളിലെ എല്ലാവരും അവളെ അതിശയത്തോടെ നോക്കി നില്‍ക്കും.
ജീവിത സാഹചര്യങ്ങളില്‍ കോളജ് ജീവിതം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും വിദ്യാഭ്യാസത്തെ അപ്പാടെ ഉപേക്ഷിക്കാന്‍ ചൈത്ര തയ്യാറായില്ല. പഠിച്ച് നല്ലൊരു പൊലീസ് ഉദ്യോഗസ്ഥയാവണമെന്നാണ് അവളുടെ മോഹം. അതിനായി രാത്രി കാലങ്ങളില്‍ പഠിച്ചും, പെയിന്‍റിങ് ജോലി ഇല്ലാത്ത ദിവസങ്ങളില്‍ നീന്തലിനും, ജിമ്മിനും, മറ്റ് കായിക പരിശീലനങ്ങള്‍ക്കുമെല്ലാം പോകുന്നുമുണ്ട്.
വഴിമുട്ടിയ ജീവിത സാഹചര്യങ്ങളോട് പൊരുതി മുന്നേറാനും പൊലീസ് യൂണിഫോമെന്ന സ്വപ്‌നം സാക്ഷാത്‌കരിക്കാനുമുള്ള യാത്രയിലാണ് ഇപ്പോള്‍ ചൈത്ര.
also read:ഇതാണ് ശരിക്കും 'എ പ്ലസ് വിജയം'.. ശ്രീനിഷയ്ക്ക് ആഗ്രഹങ്ങളെ കൈ പിടിച്ചു നടത്തണം...