ആലപ്പുഴ : ആലപ്പുഴ മണ്ണഞ്ചേരിയിൽ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാൻ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായവരെ ആർ.എസ്.എസ് കേന്ദ്രത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ആർ.എസ്.എസ് പ്രവർത്തകരായ രതീഷ്, പ്രസാദ് എന്നിവരെയാണ് കാര്യാലയത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
ഇരുവരും ഗൂഢാലോചനയുടേയും ആസൂത്രണത്തിന്‍റെയും ഭാഗമായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന്‍റെ ആസൂത്രണവും ഒരുക്കങ്ങളും നടത്തിയത് ആർ.എസ്.എസ് കാര്യാലയത്തിലായിരുന്നു എന്നതിനാലാണ് പ്രതികളെ ഇവിടെയെത്തിച്ചത്.
also read: കിഴക്കമ്പലത്ത് പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമം; റിമാൻഡ് റിപ്പോർട്ട് പുറത്ത്
കൊലപാതകത്തിന് ശേഷം പ്രതികൾക്ക് രക്ഷപ്പെടാനുള്ള സഹായം ചെയ്തതും, പ്രതികൾക്ക് സഞ്ചരിക്കാനും കൊലപാതകത്തിന് എത്താനും ആവശ്യമായ വാഹനം സജ്ജമാക്കിയതും രതീഷും പ്രസാദുമാണ്. ഇരുവരെയും പൊലീസ് പിടികൂടിയതും ഇവിടെവച്ച് തന്നെയായിരുന്നു.
ആലപ്പുഴ ജില്ല ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി വി.ബെന്നിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്. ഷാനിന്‍റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ആർ.എസ്.എസ് പ്രവർത്തകരായ അഞ്ച് പ്രതികളുടെ അറസ്റ്റ് ശനിയാഴ്ച പൊലീസ് രേഖപ്പെടുത്തിയിരുന്നു.
റിമാൻഡിൽ കഴിയുന്ന ഇവരുടെ തെളിവെടുപ്പ് സുരക്ഷാ കാരണങ്ങൾ മുൻനിർത്തി വൈകിപ്പിച്ചിരിക്കുകയാണ്.