ആലപ്പുഴ: ദേശീയപാത നിര്‍മാണത്തിന് വേണ്ടി ആലപ്പുഴ നൂറനാട് മറ്റപ്പള്ളിയില്‍ നിന്നും കുന്നിടിച്ച് മണ്ണ് എടുക്കുന്നതിനെതിരെ വീണ്ടും പ്രതിഷേധവുമായി നാട്ടുകാര്‍ (Protest Over Mattappally Soil Mining). ജനകീയ പ്രക്ഷോഭങ്ങള്‍ അവഗണിച്ച് കരാറുകാരന്‍ വീണ്ടും മണ്ണെടുക്കാന്‍ എത്തിയതോടെയാണ് നാട്ടുകാര്‍ വീണ്ടും പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള പ്രതിഷേധക്കാര്‍ ചേര്‍ന്ന് മണ്ണെടുക്കുന്ന സ്ഥലത്തേക്കുള്ള റോഡ് ഉപരോധിച്ചു.
പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായതിന് പിന്നാലെ കഴിഞ്ഞ നവംബര്‍ 13നാണ് മണ്ണെടുപ്പ് നിര്‍ത്തിവച്ചത്. കൃഷിമന്ത്രി പി പ്രസാദ് അന്ന് വിഷയത്തില്‍ ഇടപെടല്‍ നടത്തുകയും സര്‍വകക്ഷിയോഗം വിളിക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് അന്ന് ജനകീയ പ്രക്ഷോഭം അവസാനിപ്പിക്കാന്‍ പ്രതിഷേധക്കാര്‍ തയ്യാറായത്.
മണ്ണെടുക്കുന്നത് നിര്‍ത്തിവയ്‌ക്കണമെന്ന നിര്‍ദേശം മന്ത്രി പി പ്രസാദ് കരാറുകാരന് നല്‍കിയിരുന്നു. എന്നാല്‍, ഇത് ലംഘിച്ചാണ് കരാറുകാരന് വീണ്ടും മേഖലയില്‍ നിന്നും മണ്ണെടുക്കല്‍ നടപടി പുനരാരംഭിച്ചതെന്ന് പ്രതിഷേധക്കാരില്‍ ഒരാള്‍ ആരോപിച്ചു. ഇവിടുത്തെ കുന്നുകള്‍ ഇടിച്ചുനിരപ്പാക്കി കോടികള്‍ സമ്പാദിക്കുക എന്നതാണ് കോണ്‍ട്രാക്ടറുടെ ലക്ഷ്യം. പ്രദേശത്ത് നിന്നും കൂടുതല്‍ മണ്ണെടുക്കാന്‍ അനുവദിക്കില്ലെന്നും അത് തടയുന്നതിനായി സാധ്യമായ കാര്യങ്ങളെല്ലാം തങ്ങള്‍ ചെയ്യുമെന്നും പ്രതിഷേധക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
രണ്ടാഴ്‌ച മുന്‍പാണ് ഖനനത്തിനെതിരായ പ്രതിഷേധവുമായി പ്രദേശവാസികള്‍ ആദ്യം രംഗത്തിറങ്ങിയത്. നൂറനാട് പാലമേൽ പഞ്ചായത്തിൽ നിന്ന് കുന്നിടിച്ച് മണ്ണ് എടുക്കുന്നതിനെതിരായിട്ടായിരുന്നു പ്രതിഷേധം. ഇതിന് മുന്‍പ് പാലമേല്‍ പഞ്ചായത്തിലും സമാനസംഭവമുണ്ടായി.
ഇതിനെതിരെ പ്രതിഷേധം നടത്തിയ നാട്ടുകാര്‍ മണ്ണ് കടത്ത് തടയുകയും ചെയ്‌തു. പിന്നാലെ നവംബർ 13ന് പുലര്‍ച്ചെ അഞ്ച് മണിക്കായിരുന്നു മേഖലയില്‍ വീണ്ടും മണ്ണെടുപ്പ് ആരംഭിച്ചത്. പിന്നാലെ പ്രദേശവാസികള്‍ പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു.
ലോറികള്‍ക്ക് പുറത്തേക്ക് പോകേണ്ടിയിരുന്ന മൂന്ന് വഴികളും അന്ന് പ്രതിഷേധക്കാര്‍ ഉപരോധിക്കുകയും ചെയ്‌തു. സ്ഥലത്തെത്തിയ പൊലീസ് നാട്ടുകാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഈ സംഭവത്തിന് മുന്‍പും ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ടെന്നും നാട്ടുകാര്‍ ഇടപെട്ട് പല പ്രാവശ്യം മണ്ണെടുപ്പ് തടഞ്ഞിട്ടുണ്ടെന്നും അന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കിയിരുന്നു.
പരിസ്ഥിതിക്കും നാടിനും ദോഷം വരുന്ന ഒരു കാര്യവും തങ്ങൾ അനുവദിക്കില്ല എന്നും ഉപരോധത്തിൽ പങ്കെടുത്തവർ അന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു മന്ത്രി പി പ്രസാദ് വിഷയത്തില്‍ ഇടപെട്ടത്. പിന്നാലെ, കരാറുകാരുമായും സമരക്കാരുമായും ചര്‍ച്ച നടത്തന്‍ ജില്ല കലക്‌ടര്‍ എഡിഎമ്മിനെ ചുമതലപ്പെടുത്തുകയും ചെയ്‌തിരുന്നു.
Also Read: 'മുടക്കോഴിമല തുരന്നെടുക്കുന്നു' : സമരം ശക്തമാക്കി സംരക്ഷണ സമിതി