ആലപ്പുഴ: റെയിൽവേ പാളത്തിൽ സേഫ്ടി കമ്മിഷണർ വകയായി പൂജനടത്തിയത് വിവാദത്തിന് തിരികൊളുത്തി. അമ്പലപ്പുഴ- ഹരിപ്പാട് ഇരട്ടപ്പാളത്തിൻെറ സുരക്ഷാ പരിശോധന നടത്തുന്നതിൻെറ ഭാഗമായാണ് അമ്പലപ്പുഴ സ്റ്റേഷനുമുന്നിൽ പാളത്തിൽ പൂജ നടത്തിയത്. രാവിലെ 7.30 ഓടെ ട്രോളി ഓടിച്ച് സുരക്ഷ ഉറപ്പാക്കുമെന്നായിരുന്നു റെയിൽവേ അധികൃതർ അറിയിച്ചിരുന്നത്. ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും പുലർച്ചെ തന്നെ സ്റ്റേഷനിൽ എത്തിയിരുന്നു. രാവിലെ ഏഴ് മണിയോടെ സേഫ്റ്റി കമ്മിഷണർ കെ.എ മനോഹരൻ, ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ എ.കെ സിൻഹ, ഡിവിഷണൽ മാനേജർ എസ്.കെ സിൻഹ എന്നിവരും എത്തി. തുടർന്ന് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പൂജാരി അരുൺ നമ്പൂതിരി ട്രാക്കിൽ പീഠംവെച്ച് പട്ടുവിരിച്ച് കലശക്കുടം വെച്ച് ഇരുവശങ്ങളിലും വിളക്ക് തെളിയിച്ച് പൂജ തുടങ്ങുകയായിരുന്നു.
ഒരുമണിക്കൂറോളം നീണ്ട പൂജക്ക് ശേഷം പരീക്ഷണ ട്രോളിയുടെ വീലിനടിയിൽ നാരങ്ങ വെച്ച് പാളത്തിൽ തേങ്ങ എറിഞ്ഞ് ഉടച്ചതിനുശേഷമാണ് ട്രോളി നീങ്ങിയത്. ട്രാക്കിൻെറ സമീപത്ത് പോലും തീ കത്തിക്കരുതെന്ന് റെയിൽവേ വിഭാഗത്തിൻെറ മുന്നറിയിപ്പ് നിലനിൽക്കെയാണ് പാളത്തിൽ എണ്ണ നിറച്ച് തിരിതെളിച്ചത്. കാശി മഹാകൽ എക്സ്പ്രസ് ട്രെയിനിൽ ശിവക്ഷേത്രമൊരുക്കിയ റെയിൽവേയുടെ നടപടി വിവാദമായതിന് തൊട്ടുപിന്നാലെയാണ് പുതിയ പാളത്തിലെ പൂജ. റെയിൽവേയുടെ ഇത്തരത്തിലുള്ള നടപടി വിവാദമായിരിക്കുകയാണ്.