ആലപ്പുഴ : കൊറോണ വൈറസ് ബാധ സംശയിക്കുന്ന ഒരാളെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗിയുടെ ആരോഗ്യനില പ്രത്യേക മെഡിക്കല്‍ സംഘം നിരീക്ഷിച്ച് വരികയാണ്. ഇയാളുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. രോഗിയുടെ തൊണ്ടയിൽ നിന്നുള്ള സ്രവം പ്രത്യേക മെഡിക്കൽ സംഘം ശേഖരിച്ചു. ഇത് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്കായി അയക്കും. അടുത്ത ദിവസം തന്നെ പരിശോധനാ ഫലം ലഭിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ. ഇതുമായി ബന്ധപ്പെട്ട് ഡോക്ടർമാർ പ്രത്യേക യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
ഇന്നലെ വരെ രോഗബാധിത പ്രദേശത്ത് നിന്ന് ജില്ലയില്‍ എത്തിയത് 54 പേരാണ്. ഇതില്‍ 53 പേർ വീടുകളില്‍ നിരീക്ഷണത്തിലാണ്. അടുത്ത 28 ദിവസത്തേക്ക് വീടുകൾ വിട്ട് പുറത്തിറങ്ങരുതെന്നും ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ ഉടൻ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശം നല്‍കിയിട്ടുണ്ട്.
കൊറോണ വൈറസ് ബാധ ഉള്ളവരായി സംശയിക്കുന്നവരെ നിരീക്ഷിക്കാനായി ആർഎംഓ ക്വാർട്ടേഴ്സിലെ ഐസോലേഷൻ വാർഡിൽ 4 മുറികൾ തയ്യാറാക്കിയിട്ടുണ്ട്. വാർഡിന്റെ നോഡൽ ഓഫീസറായി മെഡിസിൻ വിഭാഗത്തിലെ ഡോ. ജൂബി ജോണിനെ നിയമിച്ചിട്ടുണ്ട്. മറ്റ് ജീവനക്കാരോടും തയ്യാറാകാൻ നിർദേശിച്ചിട്ടുണ്ടെന്ന് സൂപ്രണ്ട് ഡോ. ആർ.വി രാംലാൽ അറിയിച്ചു.