ആലപ്പുഴ: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ നില തൃപ്തികരമായി തുടരുന്നു. രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ കഴിഞ്ഞിരുന്ന രണ്ട് പേരെ കഴിഞ്ഞ ദിവസം ഡിസ്‌ചാർജ് ചെയ്‌തു. ഇവരെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തി. അതേസമയം, പുതുതായി 15 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിലവിൽ രണ്ട് പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. വീടുകളിലും ആശുപത്രികളിലുമായി ആകെ 228 പേർ നിരീക്ഷണത്തിലുണ്ട്. 35 സാംപിളുകൾ പരിശോധനയ്ക്കായ് അയച്ചതിൽ 34 പേരുടേയും റിസൾട്ടുകൾ ലഭിച്ചു. 33 എണ്ണം നെഗറ്റീവ് ആണെന്ന് കണ്ടെത്തി.
ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ ആലപ്പുഴ റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റാന്‍റ്, ആലപ്പുഴ ബീച്ച് എന്നിവിടങ്ങളിൽ കൊറോണയുമായി ബന്ധപ്പെട്ട ലഘുനാടകം നടത്തി. ജില്ലയിൽ 14 ഗ്രാമസഭകളിൽ ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.
ജനപ്രതിനിധികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശ- അംഗൻവാടി പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഇതര സംസ്ഥാന തൊഴിലാളികൾ എന്നിവർക്കായി 21 ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി നിരീക്ഷണത്തിലുള്ള 33 പേർക്ക് ടെലികൗൺസിലിങ്ങ് നടത്തി. കൊറോണയുമായി ബന്ധപ്പെട്ട് 14 സ്‌കൂളുകളിലും ബോധവത്ക്കരണ ക്ലാസുകളും സംഘടിപ്പിച്ചു. ആശുപത്രി ജീവനക്കാർ, പാരാമെഡിക്കൽ ജീവനക്കാർ, ആശ പ്രവർത്തകർ എന്നിവർക്കായി നടത്തിയ പരിശീലന പരിപാടിയിൽ 2137 പേർ പങ്കെടുത്തിരുന്നു.
പൊതുജനങ്ങളുടെ അറിവിലേക്കായി 16,000 നോട്ടീസുകളും പോസ്റ്ററുകളും തയ്യാറാക്കി വിതരണം ചെയ്തു. വിവിധ തലങ്ങളിൽ വ്യത്യസ്‌ത രീതികളിൽ ശക്തമായ ബോധവത്ക്കരണ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ ജനങ്ങൾ കർശനമായി പാലിച്ച് രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്ന് ജില്ലാ കലക്‌ടർ അഭ്യർഥിച്ചു.