ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്‌തു. വള്ളം തുഴഞ്ഞു നീങ്ങുന്ന കുട്ടിയാനയാണ് ഇത്തവണത്തെ ഭാഗ്യചിഹ്നം. കലക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ തോമസ് കെ തോമസ് എംഎൽഎയും സിനിമ, സീരിയല്‍ താരം ഗായത്രി അരുണും ചേര്‍ന്ന് എൻ ടി ബി ആർ സൊസൈറ്റി ചെയര്‍പേഴ്‌സണായ ജില്ല കലക്‌ടര്‍ ഹരിത വി കുമാറിന് നല്‍കിയാണ് വള്ളംകളിയുടെ ഭാഗ്യചിഹ്നത്തിന്‍റെ പ്രകാശനം നിര്‍വഹിച്ചത്. ഓഗസ്റ്റ് 12നാണ് ഇത്തവണ വള്ളംകളി നടക്കുന്നത്

ഇടുക്കി കുളമാവ് സ്വദേശിയായ കല്ലടപ്പറമ്പില്‍ പി ദേവപ്രകാശാണ് (ആര്‍ട്ടിസ്റ്റ് ദേവപ്രകാശ്) ഭാഗ്യചിഹ്നം വരച്ചത്. സമ്മാനത്തുകയായി 5001 രൂപ ലഭിക്കും. സംസ്ഥാന തലത്തില്‍ നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി നടത്തിയ മത്സരത്തില്‍ 250 ഓളം എന്‍ട്രികളാണ് ലഭിച്ചത്. ചിത്രകാരന്‍മാരായ സിറിള്‍ ഡോമിനിക്, സതീഷ് വാഴവേലില്‍, ടി ബേബി എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് ഭാഗ്യചിഹ്നം തെരഞ്ഞെടുത്തത്.
കുട്ടിയാനയ്‌ക്ക് പേരിട്ടാൽ സ്വർണ നാണയം: ഭാഗ്യചിഹ്നത്തിന് പേര് നിർദേശിക്കുന്നവർക്ക് സ്വര്‍ണ നാണയം സമ്മാനമായി നൽകും. വാട്‌സാപ്പിലൂടെയാണ് മത്സരത്തിനായുള്ള എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ടത്. ഭാഗ്യചിഹ്നത്തിന് നിര്‍ദേശിക്കുന്ന പേര്, നിര്‍ദേശിക്കുന്നയാളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ ഒറ്റ മെസേജായി 9074594578 എന്ന വാട്‌സാപ്പ് നമ്പരിലേക്ക് അയക്കണം. ഒരാള്‍ ഒരു എന്‍ട്രി മാത്രമേ സമര്‍പ്പിക്കാന്‍ പാടുള്ളൂ. ജൂലൈ 24ന് വൈകുന്നേരം അഞ്ചുവരെയാണ് പേര് നിര്‍ദേശിക്കാനുള്ള സമയം.
കേരളത്തിലെ പ്രധാന ജലമേളകളിൽ ഒന്നാണ് നെഹ്‌റു ട്രോഫി വള്ളംകളി. ആലപ്പുഴയിലെ പുന്നമടക്കായലിൽ വർഷത്തിലൊരിക്കൽ അരങ്ങേറുന്ന ഈ ജലോത്സവം നിരവധി വിനോദ സഞ്ചാരികളെയും ആകർഷിക്കുന്നതാണ്. നെഹ്‌റു ട്രോഫി വള്ളംകളി സമിതിയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്‌ചയാണ് ഈ ജലമേള നടക്കുന്നത്.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിന്‍റെ കേരള സന്ദർശനത്തോടനുബന്ധിച്ച് കേരള സർക്കാർ പ്രത്യേകമൊരുക്കിയ ചുണ്ടൻ വള്ളംകളി മത്സരത്തോടെയാണ് നെഹ്‌റു ട്രോഫിയുടെ ചരിത്രത്തിന് തുടക്കമാകുന്നത്.1952 ഡിസംബർ 27ന് ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിലാണ് മത്സരം അരങ്ങേറിയത്. ചുണ്ടൻ വള്ളങ്ങളുടെ തുഴയെറിഞ്ഞുള്ള പോരാട്ടാം ആവേശത്തോടെ വീക്ഷിച്ച നെഹ്‌റു മത്സരാവസാനത്തിൽ സകല സുരക്ഷ ക്രമീകരണങ്ങളും മറികടന്ന് വള്ളംകളിയിൽ ഒന്നാമതെത്തിയ നടുഭാഗം ചുണ്ടനിൽ ചാടിക്കയറി.
നെഹ്‌റുവിന്‍റെ ഈ ആഹ്ളാദപ്രകടനം അംഗീകാരമായി കരുതിയ വള്ളംകളി പ്രേമികൾ അദ്ദേഹത്തെ ചുണ്ടൻവള്ളങ്ങളുടെ അകമ്പടിയോടെ കൊച്ചി വരെയെത്തിച്ചാണ് യാത്രയാക്കിയത്. പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലെത്തിയ ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും ഈ വള്ളംകളി കാഴ്‌ചയിൽ നെഹ്‌റുവിനൊപ്പം ഉണ്ടായിരുന്നു.
ഡൽഹിയിലെത്തിയ ശേഷം സ്വന്തം കയ്യൊപ്പോടുകൂടി വെള്ളിയിൽ തീർത്ത ചുണ്ടൻ വള്ളത്തിന്‍റെ മാതൃക നെഹ്‌റു അയച്ചുതന്നു. ഈ മാതൃകയാണ് വിജയികൾക്കു നൽകൂന്ന നെഹ്‌റു ട്രോഫി. തുടക്കത്തിൽ പ്രൈംമിനിസ്‌റ്റേഴ്‌സ് ട്രോഫി എന്ന പേരിലായിരുന്നു വള്ളംകളി അറിയപ്പെട്ടിരുന്നത്. 1969 ജൂൺ ഒന്നിന് യോഗം ചേർന്ന് വള്ളംകളി സമിതി നെഹ്‌റുവിനോടുള്ള ആദരവ് കാരണം കപ്പിന്‍റെ പേര് നെഹ്‌റു ട്രോഫി വള്ളംകളി എന്നാക്കിമാറ്റുകയായിരുന്നു.