ആലപ്പുഴ : കലക്ടര്‍ ഉത്തരവിട്ടിട്ടും ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ തുറന്നില്ല. രാജ്യവ്യാപകമായി വിവിധ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ദ്വിദ്വിന പണിമുടക്കില്‍ സർക്കാർ സ്ഥാപനമായ സപ്ലൈക്കോയുടെ പെട്രോൾ പമ്പുകൾ പോലും അടഞ്ഞുകിടക്കുകയാണ്. പമ്പ് തുറക്കുമെന്ന് കരുതി ആലപ്പുഴ വഴിച്ചേരിയിലെ സിവിൽ സപ്ലൈസ് - സപ്ലൈക്കോ പെട്രോൾ പമ്പിലേക്ക് ആളുകൾ എത്തിയിരുന്നു.
എന്നാൽ കലക്ടറുടെ നിർദേശം പോലും പാലിക്കപ്പെട്ടിട്ടില്ല. പമ്പ് തുറക്കില്ലെന്ന് ഉറപ്പായതോടെ പെട്രോൾ അടിക്കാൻ എത്തിയവർ പ്രതിഷേധവുമായി തെരുവിലേക്കിറങ്ങി. റോഡിൽ ഇരുചക്ര വാഹനങ്ങൾ നിരത്തിയാണ് ചിലർ പ്രതിഷേധിച്ചത്. ഒടുവിൽ പമ്പിലെ സുരക്ഷാ ജീവനക്കാരൻ എത്തി തുറക്കില്ലെന്ന് അറിയിച്ചതോടെ ജീവനക്കാര്‍ക്ക് നേരെ നാട്ടുകാര്‍ കയര്‍ത്തു.
Also Read: ദേശീയ പണിമുടക്ക് രണ്ടാം ദിനവും പൂര്‍ണം; തലസ്ഥാനത്തുനിന്നുള്ള കാഴ്‌ച
അവശ്യ സർവീസ് എന്ന നിലയിൽ പെട്രോളിയം മേഖലയിലെ ജീവനക്കാർ പണിമുടക്കരുതെന്ന് കോടതി ഉത്തരവ് ഈ മേഖലയിൽ കാര്യമായി നടപ്പായില്ല. പെട്രോൾ പമ്പ് ഉടമകളും പണിമുടക്കിന്റെ ഭാഗമായതോടെ അക്ഷരാർഥത്തില്‍ ജനം വലഞ്ഞു.
അതിനിടെ പണിമുടക്ക് ജില്ലയിൽ ഹർത്താലിന്‍റെ പ്രതീതിയാണ് ഉണ്ടാക്കിയത്. സംസ്ഥാനത്ത് ഡയസ്‌നോണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ സർക്കാർ ജീവനക്കാർ കൃത്യമായി ജോലിക്ക് ഹാജർ ആവണമെന്ന നിർദേശവും ജില്ലയില്‍ നടപ്പായില്ല.