ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 20% സീറ്റുകൾ വനിതകൾക്ക് നൽകണമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ലതികാ സുഭാഷ്. ഇക്കാര്യം ഔദ്യോഗികമായി തന്നെ കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച എഐസിസിയുടെ നിർദ്ദേശം കെപിസിസി നടപ്പിലാക്കണം. എല്ലാ ജില്ലകളിലും രണ്ട് വനിതകളെയെങ്കിലും സ്ഥാനാർഥികളായി ഉൾപ്പെടുത്താൻ അതാത് ഡിസിസികൾ തയ്യാറാകണമെന്നും ലതികാ സുഭാഷ് ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ വലിയൊരു വിഭാഗം ജനങ്ങൾ മഹിളാ കോൺഗ്രസിന്‍റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി കടന്നുവരുന്നുണ്ടെന്നും ഇതിന്‍റെ പ്രതിഫലനം യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലയ്ക്കുമെന്നും ലതികാ സുഭാഷ് പറഞ്ഞു. ആലപ്പുഴ ഡിസിസിയിൽ സംഘടിപ്പിച്ച മഹിളാ കോൺഗ്രസ് ജില്ലാ നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ലതികാ സുഭാഷ്.
യോഗത്തിൽ ജില്ലാ പ്രസിഡന്‍റ് ബിന്ദു ബൈജു അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്‍റ് അഡ്വ എം ലിജു, കെപിസിസി ജനറൽ സെക്രെട്ടറിമാരായ എ എ ഷുക്കൂർ, അഡ്വ. ഡി സുഗതൻ, കെപിസിസി സെക്രട്ടറി എംജെ ജോബ്, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പികെ ശ്യാമള, കുഞ്ഞുമോൾ രാജു തുടങ്ങിയവർ പങ്കെടുത്തു.