ആലപ്പുഴ: ലോക്ഡൗൺ പരിശോധനയുടെ ഭാഗമായി ജില്ല കലക്ടർ എ അലക്സാണ്ടറും പൊലീസ് മേധാവി ജി ജെയ്ദേവും ആലപ്പുഴ നഗരത്തിൽ സംയുക്ത പരിശോധന നടത്തി. കൊമ്മാടിയിലും നഗരത്തിലെ വിവിധ ഭാഗങ്ങളിലുമാണ് നിരീക്ഷണം നടത്തിയത്. പൊലീസിന്‍റെ നേതൃത്വത്തിലുള്ള വാഹന പരിശോധനയും സെക്‌ടറല്‍ മജിസ്ട്രേറ്റുമാരുടെ പ്രവർത്തനങ്ങളുമാണ് പരിശോധിച്ചത്. വാഹനപരിശോധന കർശനമാക്കുന്നതിന് ആവശ്യമായ പൊലീസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ല പോലീസ് മേധാവി അറിയിച്ചു.
അനാവശ്യ യാത്രകൾ കണ്ടെത്തിയാൽ വാഹനം ഉൾപ്പെടെ പിടിച്ചെടുക്കുമെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാഹനപരിശോധന കർശനമാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
കൂടുതൽ വായനക്ക്: കൊവിഡ് പ്രതിരോധം : വാർഡ്‌തല സമിതികൾ ഊർജിതമാകണമെന്ന് മുഖ്യമന്ത്രി
ജില്ലയുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വളരെ ഉയർന്നതാണെന്നും 100 പേരിൽ 30 പേർക്ക് എങ്കിലും രോഗം സ്ഥിരീകരിക്കുന്ന സ്ഥിതി ഉണ്ടെന്നും ജില്ല കലക്ടർ അറിയിച്ചു. അതുകൊണ്ടുതന്നെ ലോക് ഡൗൺ ശക്തമായി നടപ്പാക്കുമെന്നും ജനങ്ങളുടെ സഹകരണം ഇക്കാര്യത്തിൽ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.