ആലപ്പുഴ: ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായതായി ജില്ല കലക്ടര്‍ എ.അലക്‌സാണ്ടർ. സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് പേപ്പറുകളുടെ വിതരണത്തിനും വോട്ട് ചെയ്‌ത് തിരികെ വാങ്ങുന്നതിനും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹകരണം വേണം. കൊവിഡ് രോഗികള്‍ക്കും ക്വാറന്‍റൈനില്‍ ഉള്ളവര്‍ക്കുമാണ് ഇത്തരത്തില്‍ സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പരമാവധി ഇത്തരത്തിലുള്ള വോട്ടുകള്‍ ചെയ്യുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണം വേണമെന്നും കലക്ടര്‍ പറഞ്ഞു.
ഏഴാം തിയതി ഉച്ചകഴിഞ്ഞ് മൂന്നു മണിവരെ കൊവിഡ് പോസിറ്റീവ് ആകുകയോ ക്വാറന്‍റൈൻ നിര്‍ദേശിക്കുകയോ ചെയ്യുന്നവര്‍ക്കാണ് ഡി.എം.ഒ നല്‍കുന്ന ലിസ്റ്റ് പ്രകാരം സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ നല്‍കി വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുക. ഈ പട്ടികയില്‍പ്പെടുന്നവര്‍ക്ക് ബൂത്തില്‍ വോട്ട് ചെയ്യാന്‍ കഴിയില്ല. ഡിസംബര്‍ ഏഴിന് മൂന്നു മണിക്കുശേഷം കൊവിഡ് പോസിറ്റീവ് ആകുന്നവര്‍ക്ക് പോളിങ് ദിവസം വൈകിട്ട് അഞ്ചിനും ആറ് മണിക്ക് മുന്‍പായി പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്യാം.
സാധാരണ വോട്ടര്‍മാര്‍ എല്ലാവരും വോട്ട് ചെയ്‌ത് പോയശേഷമാണ് ഇവര്‍ക്ക് അവസരം നല്‍കുക. ഇങ്ങനെ വരുന്നവര്‍ പി.പി.ഇ കിറ്റ് ധരിച്ചാകണം വരേണ്ടത്. ആറ് മണിക്ക് ക്യൂവില്‍ നില്‍ക്കുന്ന എല്ലാവര്‍ക്കും ടോക്കണ്‍ നല്‍കും. പരമാവധി ആളുകളെ പോളിങ് ബൂത്തിലെത്തിച്ച് വോട്ട് ചെയ്യിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. സുതാര്യവും നിര്‍ഭയവുമായി സമ്മതിദാന അവകാശം നിര്‍വഹിക്കുവാനുള്ള അവസരം ഒരുക്കുന്നതിന് എല്ലാ പാര്‍ട്ടികളും സഹകരിക്കണമെന്ന് യോഗത്തില്‍ കലക്ടര്‍ അഭ്യര്‍ഥിച്ചു.