ആലപ്പുഴ: ന്യൂനമർദത്തെ തുടർന്ന് രണ്ടുദിവസമായി പെയ്യുന്ന മഴയിയും കിഴക്കൻ വെള്ളത്തിന്‍റെ ഒഴുക്കിലും കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും ജലനിരപ്പ് ഉയരുന്നു. പമ്പ, മണിമല, അച്ചൻകോവിൽ ആറുകളിൽ ജലനിരപ്പ് കൂടുതൽ ഉയർന്നേക്കുമെന്ന് മുന്നറിയിപ്പുണ്ട്. പലയിടത്തും കാറ്റിലും മഴയിലും വീടുകൾക്കും കച്ചവട സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
പള്ളിക്കൂട്ടുമ്മ, ഒന്നാംകര എന്നിവിടങ്ങളിലും ജലനിരപ്പ് ഉയർന്നു. പലയിടത്തും ശക്തമായ വേലിയേറ്റവും അനുഭവപ്പെടുന്നു. ഇത് ജലനിരപ്പ് ഉയരാന്‍ കാരണമായി. തോട്ടപ്പള്ളിയിലെ പൊഴി മുറിച്ചെങ്കിലും നീരൊഴുക്ക് ശക്തമാവാത്തത് കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുന്നതിനിടെയാക്കി. ജലനിരപ്പ് ഉയർന്നതോടെ കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ മടവീഴ്ച്ച ഭീഷണിയും നിലനിൽക്കുന്നു.
ജാഗ്രത സംവിധാനം സജ്ജമെന്ന് ജില്ല കലക്‌ടര്‍
മഴ ശക്തിപ്രാപിച്ചതോടെ അപ്പർ കുട്ടനാടിന്റെ വിവിധ മേഖലകളിൽ ജലനിരപ്പ് ഉയർന്നു. തലവടി, എടത്വ, മുട്ടാർ, തകഴി മേഖലകൾക്ക് വെള്ളപ്പൊക്ക ഭീഷണിയിലാണ്. താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. ഉൾപ്രദേശങ്ങളിലെ റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങിത്തുടങ്ങി. എ.സി റോഡിൽ പലഭാഗങ്ങളിലും വെള്ളം കയറി.
ALSO READ: എം.എ ലത്തീഫിന് സസ്‌പെന്‍ഷന്‍; പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രകടനം
ജില്ലയിൽ വൈകുന്നേരം ആറുമണി വരെ 13 ക്യാമ്പുകളാണ് പ്രവര്‍ത്തനമാരംഭിച്ചത്. ഇവയിൽ 72 കുടുംബങ്ങളിലെ 259 പേരാണുള്ളത്. കുട്ടനാട് താലൂക്കില്‍ 50 ഗ്രുവല്‍ സെന്‍ററുകളില്‍ നിന്ന് 1131 കുടുംബങ്ങളിലെ 4564 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ 24 മണിക്കൂറും ജാഗ്രത സംവിധാനം സജ്ജമാണെന്ന് ജില്ല കലക്‌ടര്‍ എ. അലക്‌സാണ്ടര്‍ അറിയിച്ചു.