ആലപ്പുഴ: അഭിഭാഷകവൃത്തി തിരഞ്ഞെടുക്കുന്നതിൽ യുവതലമുറയിൽ ഇന്നുകാണുന്ന താൽപ്പര്യം ആശാവഹമാണെന്ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്. കായംകുളത്ത് പുതിയതായി പണികഴിപ്പിക്കുന്ന കോടതി സമുച്ചയത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ യുവതലമുറ നിയമപഠനത്തെ ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഇത് രാജ്യത്തിന്റെ നിയമ മേഖലക്ക് ഗുണകരമായ മാറ്റങ്ങൾ ഉണ്ടാക്കും. നിയമപഠനത്തിനും പരിശീലനത്തിനും ഒപ്പം തന്നെ യുവതലമുറയിലെ അഭിഭാഷകർ വായന ശീലത്തിനും പ്രാധാന്യം നൽകണമെന്ന് ശിലാസ്ഥാപന കർമ്മം നിർവഹിച്ചുകൊണ്ട് ജസ്റ്റിസ് ഹൃഷികേശ് റോയ് പറഞ്ഞു. ആലപ്പുഴയുടെ ചുമതല വഹിക്കുന്ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ ഹരിലാൽ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. നിയമപാലനത്തിൽ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്ക് കേരളം മാതൃകയാണെന്ന് മുഖ്യപ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.
കോടതികളും അഭിഭാഷക സമൂഹവുമാണ് സംസ്ഥാനത്ത് അഴിമതിയുടെ നേരിയ കളങ്കം പോലുമില്ലാതെ പ്രവർത്തിച്ചു വരുന്നത്. ഇതാണ് രാജ്യത്തിന് തന്നെ മാതൃകയായി കേരളത്തിൽ ശാന്തിയോടെയും സമാധാനത്തോടെയുമുള്ള ജനജീവിതത്തെ മുന്നോട്ടു നയിക്കാൻ പ്രാപ്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.