ആലപ്പുഴ: സഭാതർക്കം നിലനിൽക്കുന്ന കായംകുളം കട്ടച്ചിറ പള്ളിയിൽ യാക്കോബായ വിശ്വാസികളും പൊലീസും തമ്മില്‍ സംഘര്‍ഷം. കനത്ത പൊലീസ് സുരക്ഷയിൽ ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിച്ചു. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനിടെ യാക്കോബായ വിഭാഗം പ്രതിഷേധവുമായി സംഘടിച്ചെത്തുകയായിരുന്നു.
പൊലീസ് സഹായത്തോടെ സുപ്രീംകോടതി വിധി നടപ്പാക്കാനായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഇതിനെതിരെ രംഗത്തെത്തിയ യാക്കോബായ വിഭാഗത്തെ പൊലീസ് തടഞ്ഞത് നേരിയ സംഘർഷത്തിനിടയാക്കി. ഇതിനിടെ ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിച്ചു.വിധി നടപ്പാക്കിയ സാഹചര്യത്തിൽ പള്ളിയിൽ ആരാധനാകർമ്മങ്ങൾ ആരംഭിക്കുമെന്ന് ഓർത്തഡോക്സ് വിഭാഗം അറിയിച്ചു. ഞായറാഴ്ച മുതൽ കുർബാന നടത്തുമെന്നും വികാരിയും സഹായിയും പള്ളിയിൽ തന്നെ താമസിക്കുമെന്നും അവർ വ്യക്തമാക്കി. സംഘർഷാവസ്ഥ കണക്കിലെടുത്ത് ഇവർക്കുവേണ്ട സുരക്ഷ ഒരുക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഇതിനായി കനത്ത പൊലീസ് കാവലും പള്ളിയിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായി സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. എന്നാൽ യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധത്തെ തുടർന്ന് വിധി നടപ്പാക്കാനായിരുന്നില്ല. വിധി നടപ്പാക്കാത്തതിൽ സംസ്ഥാന സർക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യം നിലനിൽക്കെയാണ് അനുകൂല വിധി സമ്പാദിച്ച ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിച്ചത്.