ആലപ്പുഴ: സഹോദരങ്ങളെ പോലെ കഴിയുന്ന ജനങ്ങളെ ഭിന്നിപ്പിക്കാൻ നരേന്ദ്രമോദി നടത്തുന്ന ഹീനമായ ജാതിക്കളിയാണ് ഇന്ത്യയിൽ നടക്കുന്നതെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ. ജനുവരി എട്ടിന് നടക്കുന്ന ദേശീയ പണിമുടക്കിൽ രാജ്യം നിശ്ചലമാകും. ട്രേഡ് യൂണിയൻ സംഘടനകൾ പരസ്പരം പോരടിച്ച് നിന്നിരുന്ന കാലം കഴിഞ്ഞു. ഭരണകൂടത്തിന്റെ മുഖം നോക്കാതെ തൊഴിലാളികളുടെ ആവശ്യങ്ങൾ മുന്നോട്ട് വയ്ക്കാൻ കഴിയുന്ന ട്രേഡ് യൂണിയൻ സംസ്‌കാരമാണ് ഇന്ത്യയിലുള്ളതെന്നും ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞു.
ട്രേഡ് യൂണിയൻ സംസ്ഥാന ജാഥയ്ക്ക് ചേർത്തലയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റൻ കൂടിയായ ചന്ദ്രശേഖരൻ. സമ്മേളനത്തിൽ എം.കെ ഉത്തമൻ അധ്യക്ഷനായി. കെ.ചന്ദ്രൻപിള്ള, തോമസ് ജോസഫ്, മലയാലപ്പുഴ ജ്യോതികുമാർ, എം.ജി.രാഹുൽ, മാഹിൻ അബൂബക്കർ, സി.ബി ചന്ദ്രബാബു, കെ.പ്രസാദ്, എൻ.ആർ ബാബുരാജ് തുടങ്ങിയവർ പങ്കെടുത്തു.