ആലപ്പുഴ: നഗരസഭ അധ്യക്ഷ സ്ഥാനത്തെ സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകരുടെ പരസ്യ പ്രതിഷേധം. ഇരവുകാട് വാർഡിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട സൗമ്യ രാജിനെ അധ്യക്ഷയാക്കിയതിന് എതിരെയാണ് സിപിഎമ്മിലെ ഒരു വിഭാഗം പ്രവർത്തകർ നഗരത്തിൽ പാര്‍ട്ടി പതാകയുമേന്തി പ്രതിഷേധ പ്രകടനം നടത്തിയത്.
ആലപ്പുഴ നെഹ്‌റു ട്രോഫി വാർഡിൽ നിന്ന് ജയിച്ച ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും സിപിഎം ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റി അംഗവുമായ കെ.കെ ജയമ്മയെ അധ്യക്ഷയാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പ്രകടനത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുൾപ്പടെയുള്ളവര്‍ പങ്കെടുത്തു.
മന്ത്രി ജി. സുധാകരനെതിരെയും സിപിഎം ജില്ല സെക്രട്ടറിക്കെതിരെയും ജില്ല സെക്രട്ടറിയേറ്റ് അംഗത്തിനെതിരെയും പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. ലക്ഷക്കണക്കിന് രൂപ കോഴ വാങ്ങി പ്രസ്ഥാനത്തെ വഞ്ചിച്ചു എന്നാരോപിച്ചാണ് പ്രതിഷേധക്കാർ പ്രകടനം നടത്തിയത്. ആലപ്പുഴയിൽ ഇത്തരമൊരു കാഴ്‌ച അപൂർവമാണ്.