ആലപ്പുഴ: വസ്‌തുതര്‍ക്കത്തെ തുടർന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭര്‍ത്താവിന് ജീവപര്യന്തം കഠിന തടവ്. അമ്പലപ്പുഴ അലി മൻസിലിൽ സബിതയെ കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് സന്ദീപിന്(സൽമാൻ -37) കോടതി തടവ് വിധിച്ചത്. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി 3 ജഡ്ജി പി.എൻ.സീതയാണ് ശിക്ഷ വിധിച്ചത്.
ഇന്ത്യന്‍ ശിക്ഷാ നിയമം 326, 302 വകുപ്പുകളാണ് ഇയാള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. 2017 മാര്‍ച്ച് ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. ദമ്പതികളായ സബിതയും സന്ദീപും തമ്മിലുള്ള കലഹത്തെ തുടര്‍ന്ന് സബിത പള്ളി കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. ഇതോടെ സന്ദീപിന്റെ പേരിലുള്ള വസ്‌തു സബിതയുടെയും കുട്ടിയുടെയും കൂടി പേരിലാക്കാൻ ധാരണയായി. എന്നാൽ സന്ദീപ് വീണ്ടും ശാരീരിക ഉപദ്രവം തുടർന്നപ്പോൾ സബിത കുടുംബ കോടതിയെ സമീപിച്ചു. കോടതി നിര്‍ദേശപ്രകാരം ഇരുവരും ഒന്നിച്ച് താമസിക്കവെയായിരുന്നു കൊലപാതകം.
വീട്ടിൽ വെട്ടുകത്തികൊണ്ട് സന്ദീപ് സബിതയെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ആലപ്പുഴ സൗത്ത് സിഐ കെ.എൻ.രാജേഷാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.പി.ഗീതയും അഡ്വ.പി.പി.ബൈജുവും ഹാജരായി.