ആലപ്പുഴ: കരുവാറ്റ ടി.ബി ജംഗ്ഷനു സമീപത്തെ സർവീസ് സഹകരണ ബാങ്കിൽ നിന്ന് നാലര കിലോ സ്വർണവും നാലു ലക്ഷം രൂപയും കവർന്ന കേസിലെ മുഖ്യപ്രതി തിരുവനന്തപുരം കാട്ടാക്കട കട്ടക്കോട് പാറക്കാണി മേക്കുംകര വീട്ടിൽ ആൽബിൻ രാജിനെ (ഷൈജു-39) അറസ്റ്റ് ചെയ്തതായി എറണാകുളം റേഞ്ച് ഡി.ഐ.ജി കാളിരാജ് മഹേഷ് കുമാർ അറിയിച്ചു. കോയമ്പത്തൂരിൽ നിന്ന് ഹരിപ്പാട് സി.ഐ ആർ.ഫയസിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയിൽ നിന്നും 1.850 കിലോ സ്വർണ്ണവും കണ്ടെടുത്തു. ഇതോടെ മോഷണവുമായി ബന്ധപ്പെട്ട മൂന്ന് പേരും പൊലീസിന്‍റെ പിടിയിലായി.
നേരത്തെ ചോദ്യം ചെയ്ത മോഷ്‌ടാക്കളിൽ നിന്നു ലഭിച്ച സൂചനയനുസരിച്ചാണ് കോയമ്പത്തൂരിൽ ദിവസങ്ങൾ നീണ്ട തെരച്ചിൽ നടത്തിയത്. ഹരിപ്പാട് ആർ.കെ ജംഗ്ഷനിൽ വാടകയ്ക്ക് താമസിക്കുന്ന ചെട്ടികുളങ്ങര കണ്ണമംഗലം കൈപ്പള്ളിൽ വീട്ടിൽ ഷൈബു (അപ്പുണ്ണി-39), തിരുവനന്തപുരം കാട്ടാക്കട വാഴിച്ചാൽ തമ്പിക്കോണം പാവോട് വഴിയിൽ മേലേപ്ളാവിട വീട്ടിൽ ഷിബു (43) എന്നിവരെയാണ് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.