പത്തനംതിട്ട: വെള്ളപ്പൊക്കത്തിനു പിന്നാലെ അപ്പർ കുട്ടനാട്ടിൽ എലിപ്പനി ഭീതിയും. വെള്ളപ്പൊക്കത്തെ തുടർന്ന് കയറിയവെള്ളം ഒഴിഞ്ഞുപോകാൻ കാലതാമസമെടുക്കുമെന്നതാണ് ഭീതി വര്‍ധിക്കുന്നത്. താഴ്ന്ന പ്രദേശമായതിനാൽ വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ല. പാടശേഖരങ്ങൾ കൂടുതലുള്ളതിനാൽ വെള്ളം കെട്ടിക്കിടക്കുകയും ചെയ്യുന്നുണ്ട്.
ഈ വർഷം പുളിക്കീഴ് ബ്ലോക്ക് പരിധിയിൽ ഇതുവരെ ഒമ്പത് പേർക്ക് എലിപ്പനി ബാധിച്ചതായും ഏപ്രിലിൽ ചാത്തങ്കരിയിൽ ഒരാൾക്ക് മരണം സംഭവിച്ചതായും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങാതിരിക്കാൻ ശ്രദ്ധിക്കണമെന്നും എലിപ്പനി പ്രതിരോധ മരുന്ന് കഴിക്കണമെന്നും ചാത്തങ്കരി പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. ആർ സുനിത കുമാരി പറഞ്ഞു.