ആലപ്പുഴ: കൊവിഡ് രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മത്സ്യബന്ധനം നിരോധിച്ചിരുന്ന ചെത്തി കാറ്റാടിമുക്ക് ഫിഷ് ലാൻഡിങ് സെന്‍ററിൽ നിന്ന് മത്സ്യബന്ധനത്തിന് പോകാൻ അനുമതി. ജില്ലാ കലക്ടർ എ. അലക്‌സാണ്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ബുധനാഴ്ച രാവിലെ ആറു മുതൽ ഉച്ചയ്ക്ക് 12 മണിവരെ മത്സ്യബന്ധനം നടത്താനും രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ മത്സ്യ വിപണനത്തിനുമാണ് അനുമതി.
കണ്ടെയ്ൻമെന്‍റ് സോണുകൾ, ക്ലസ്റ്ററുകൾ എന്നിവിടങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും മത്സ്യബന്ധനത്തിനു പോകാൻ പാടില്ല. കൂടാതെ ഈ മേഖലയിലെ മത്സ്യബന്ധന ഉപകരണങ്ങൾ ഉപയോഗിക്കാൻ പാടില്ല. മത്സ്യബന്ധന യാനങ്ങൾക്ക് അതത് മത്സ്യഭവനുകളിൽ നിന്നും ലഭിക്കുന്ന കാർഡുകളുടെ അടിസ്ഥാനത്തിൽ മാത്രം മത്സ്യബന്ധനത്തിൽ ഏർപ്പെടാം. യാനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ അടിസ്ഥാനത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഒറ്റ, ഇരട്ട ബോട്ടുകൾ മത്സ്യബന്ധനത്തിന് ഉപയോഗിക്കാം. മത്സ്യബന്ധന യാനത്തിന്‍റെ രജിസ്ട്രേഷൻ രേഖകൾ, മത്സ്യത്തൊഴിലാളികളുടെ എണ്ണം, പേരുകൾ, ആധാർ കാർഡുകൾ എന്നിവയുമായി രാവിലെ 10 മുതൽ ഒരുമണി വരെ കാർഡ് വിതരണ കേന്ദ്രമായ ചെത്തി മത്സ്യഭവനിൽ എത്തി കാർഡുകൾ ഏറ്റുവാങ്ങേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു. മത്സ്യബന്ധനത്തിനും വിപണനത്തിനും ഈ കേന്ദ്രത്തിൽ എത്തുന്നവർ നിർബന്ധമായും covid19jagratha.kerala.nic.in എന്ന പോർട്ടലിൽ ക്യു ആർ കോഡ് പ്രകാരം രജിസ്റ്റർ ചെയ്യണം.
ടോക്കൺ സമ്പ്രദായത്തിന്‍റെ അടിസ്ഥാനത്തിൽ സാമൂഹിക അകലം പാലിച്ച് കൊവിഡ് പ്രോട്ടോകോൾ പ്രകാരം ചെറുകിട കച്ചവടക്കാർ, ഇരുചക്ര -മുച്ചക്ര വാഹന കച്ചവടക്കാർ എന്നിവർക്ക് രാവിലെ ആറ് മുതൽ ഒമ്പത് വരെയും, മൊത്ത കച്ചവടക്കാർക്ക് രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും കേന്ദ്രത്തിലെത്തി മത്സ്യം വാങ്ങാവുന്നതാണ്. പൊതുജനങ്ങൾക്ക് ഈ കേന്ദ്രത്തിലെത്തി മത്സ്യം വാങ്ങുന്നത് അനുവദനീയമല്ല. മത്സ്യ ലേലം പൂർണമായും നിരോധിച്ചിട്ടുണ്ട്. ജനകീയ കമ്മിറ്റികൾ മുഖേന മത്സ്യ വിപണനത്തിനുള്ള വില നിശ്ചയിക്കേണ്ടതാണ്. കൊവിഡ് മാനദണ്ഡങ്ങൾ പ്രകാരമുള്ള സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനം, മത്സ്യഭവൻ, ജനകീയ കമ്മിറ്റി എന്നിവർ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു.