ആലപ്പുഴ: മത്സ്യബന്ധനത്തിനുള്ള മണ്ണെണ്ണയുടെ വില അടിക്കടി വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ മത്സ്യബന്ധന ഉപകരണങ്ങളുമായി ആലപ്പുഴ ബിഎസ്എൻഎൽ ഓഫിസിലേക്ക് മാർച്ച് നടത്തി മത്സ്യത്തൊഴിലാളികൾ. മണ്ണെണ്ണ വില വർധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു)-വിന്‍റെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്.
പ്രതിഷേധമിരമ്പി മത്സ്യത്തൊഴിലാളി മാർച്ച്: മത്സ്യബന്ധന ഉപകരണങ്ങളുമായി നടത്തിയ പ്രതിഷേധ മാർച്ച് ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ നിന്നാരംഭിച്ച് നഗരത്തിലൂടെ പ്രകടനമായി ബിഎസ്എൻഎൽ ഓഫിസിന് മുന്നിൽ സമാപിച്ചു. മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന ജനറൽ സെക്രട്ടറി പി.പി ചിത്തരഞ്ജൻ എംഎൽഎ മാർച്ച് ഉദ്‌ഘാടനം ചെയ്തു.
ഫെഡറേഷൻ ജില്ലാ പ്രസിഡന്‍റ് പി.ഐ ഹാരിസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി ശ്യാംജി, മത്സ്യത്തൊഴിലാളി നേതാക്കളായ പി.വി വിനോദ് കുമാർ, നിർമലാ സെൽവരാജ്, ടി.എസ് ബാബു, അഡ്വ. പ്രതീപ്‌തി സജീവ് തുടങ്ങിയവർ നേതൃത്വം നൽകി.