ആലപ്പുഴ: കുളത്തിൽ വീണ കുതിരയ്ക്ക് അഗ്നിശമന സേന രക്ഷകരായി. ചേർത്തലയ്ക്കടുത്ത് പുത്തനങ്ങാടിയിലാണ് സംഭവം. കൊല്ലം പറമ്പിൽ രാംരാജ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ബാദു എന്ന കുതിരയാണ് കുളത്തില്‍ വീണത്. രണ്ടാഴ്‌ച മുമ്പ് വാങ്ങിയ കുതിരയെ വീടിന് കുറച്ചകലെയുള്ള പറമ്പിൽ കെട്ടിയിരിക്കുകയായിരുന്നു. വെള്ളത്തില്‍ വീണ കുതിരയെ നാട്ടുകാരുടെ സഹായത്തോടെ കരകയറ്റാനുള്ള ശ്രമം വിഫലമായതിനെ തുടർന്നാണ് ചേർത്തല ഫയർഫോഴ്‌സിനെ വിവരമറിയിച്ചത്. ഒരു മണിക്കൂറോളം വെള്ളത്തിൽ കിടന്ന കുതിര കരകയറുമ്പോൾ അവശനിലയിലായിരുന്നു. വെറ്റിനറി ഡോക്ടറെത്തി ചികിത്സ നൽകി.
സീനിയർ ഫയർ ആന്‍റ് റെസ്ക്യൂ ഓഫീസർ പി ഷിബുവിന്‍റെ നേതൃത്വത്തിൽ ഓഫീസർമാരായ സി സിജിമോൻ, ശ്രീജിത്ത്, കെഎസ് സുജിത്ത് , അനൂപ്, അഭിലാഷ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.