ആലപ്പുഴ: മഹാപ്രളയത്തില്‍ നിന്നും കരകയറുന്ന കേരളജനതക്ക് കൈത്താങ്ങാകാന്‍ ഈനാട്-റാമോജി ഗ്രൂപ്പ് നിര്‍മിച്ച 121 വീടുകളുടെ താക്കോല്‍ ദാനം ഡിസംബർ എട്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സംസ്ഥാന സർക്കാരിന് പുറമെ ഇത്രയേറെ വീടുകൾ പ്രളയാബാധിതർക്കായി വളരെ വേഗത്തില്‍ നിർമിച്ച് നൽകിയെന്ന ഖ്യാതിയും ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ മാധ്യമ ശൃംഖല സ്വന്തമാക്കുന്നു.
കുടുംബശ്രീയുടെയും 'ഐ ആം ഫോർ ആലപ്പി' പദ്ധതിയുടെയും സഹകരണത്തോടെ 40 ദിവസം കൊണ്ടാണ് ഓരോ വീടിന്‍റെയും നിര്‍മാണം പൂര്‍ത്തീകരിച്ചത്. ആലപ്പുഴ സബ് കലക്‌ടറായിരുന്ന വി.ആര്‍.കൃഷ്‌ണ തേജയായിരുന്നു പദ്ധതിക്ക് നേതൃത്വം നല്‍കിയത്. ചെലവ് ചുരുക്കിയും ഗുണമേന്മയുള്ളതുമായ വസ്‌തുക്കൾ ഉപയോഗിച്ചും നൂതനസാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് വീടുകൾ നിര്‍മിച്ചിരിക്കുന്നത്.

117 വീടുകൾ നിർമിക്കാനായിരുന്നു കുടുംബശ്രീയുമായി കരാർ ഒപ്പിട്ടത്. എന്നാല്‍ പദ്ധതി പിന്നീട് 121 വീടുകളായി വിപുലപ്പെടുത്തുകയായിരുന്നു. വീണ്ടുമൊരു പ്രളയമുണ്ടായാല്‍ ആര്‍ക്കും കിടപ്പാടം നഷ്‌ടപ്പെടരുതെന്ന ലക്ഷ്യത്തോടെ തറനിരപ്പില്‍ നിന്നും ഒന്നര മീറ്റര്‍ ഉയരത്തിലാണ് ഈ വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന് ശേഷം ഇക്കുറി വീണ്ടും വെള്ളപ്പൊക്കമുണ്ടായപ്പോൾ സമീപത്തെ മറ്റുവീടുകളില്‍ വെള്ളം കയറിയെങ്കിലും ഈനാട്-റാമോജി ഗ്രൂപ്പിന്‍റെ ഭവനപദ്ധതിയിലുൾപ്പെട്ട വീടുകള്‍ സുരക്ഷിതമായിരുന്നു. ഈനാട്-റാമോജി ഗ്രൂപ്പ് മുന്നോട്ട് വച്ച ഭവനപദ്ധതിയുടെ മാതൃകയില്‍ കുട്ടനാട്ടിലെ വീടുകൾ പുനര്‍സംവിധാനം ചെയ്യണമെന്ന് ഭവനനിര്‍മാണ മേഖലയിലെ വിദഗ്‌ധര്‍ ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയെ കൂടാതെ മറ്റ് മന്ത്രിമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ-സാംസ്കാരിക-സിനിമ രംഗത്തെ പ്രമുഖരും ആലപ്പുഴയിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും.