ആലപ്പുഴ: ആലപ്പുഴ നഗരസഭാ വൈസ് ചെയർപേഴ്സൺ ഉൾപ്പടെ മൂന്ന് കൗൺസിലർമാർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ സി ജ്യോതിമോൾ, വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം അഡ്വ. ജി മനോജ് കുമാർ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ. എ.എ റസാക്ക് എന്നിവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിന് പുറമെ അഡ്വ. എ എ റസാക്കിന്‍റെ രണ്ടു മക്കൾക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെ നടത്തിയ ആന്‍റിജന്‍ പരിശോധനാ ഫലത്തിലാണ് ഇവർക്ക് രോഗബാധയുള്ളതായി കണ്ടെത്തിയത്.
എന്നാൽ നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോന്‍റെ പരിശോധനാ ഫലം നെഗറ്റീവാണ്. എങ്കിലും അദ്ദേഹം സ്വയം നിരീക്ഷണത്തിൽ പോയിട്ടുണ്ട്. രോഗബാധ സ്ഥിരീകരിച്ചവർ പൊതുപ്രവർത്തകരായതിനാൽ തന്നെ ഇവരുടെ സമ്പർക്കപട്ടിക വളരെ വലുതാണ്. ഇതിനാൽ തന്നെ 500-ലധികം ആളുകൾ നിരീക്ഷണത്തിൽ പോകേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇവർക്ക് എങ്ങനെയാണ് രോഗബാധയുണ്ടായത് എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. നഗരസഭയിലെ ജീവനക്കാരിൽ ചിലർക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇവരിൽ നിന്നുള്ള സമ്പർക്കത്തിലൂടെയാവാം രോഗബാധയുണ്ടായത് എന്നാണ് ലഭ്യമായ സൂചന. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കൗൺസിലർമാർ രോഗബാധ സംബന്ധിച്ച സ്ഥിരീകരണം നടത്തിയത്.