ആലപ്പുഴ: ജനങ്ങൾ നൽകിയ അധികാരം എൽഡിഎഫ് സർക്കാരിനെതിരായി ഉപയോഗിക്കാനാണ് കോൺഗ്രസ് നേതാക്കൾ ശ്രമിച്ചതെന്ന് മന്ത്രി ജി.സുധാകരൻ. ജനങ്ങൾ തെരഞ്ഞെടുത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് അയച്ച കോൺഗ്രസ് ജനപ്രതിനിധികൾ, കഴിഞ്ഞ നാലരവർഷക്കാലമായി അവരുടെ അധികാരം സംസ്ഥാനം ഭരിക്കുന്ന സർക്കാരിനെതിരെ ഉപയോഗിക്കാനായിരുന്നു ശ്രമിച്ചതെന്ന് പൊതുമരാമത്ത് മന്ത്രി ആരോപിച്ചു. ആലപ്പുഴയിൽ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം ഭരിച്ച കോൺഗ്രസിന് ഭരണഘടന എന്താണെന്ന് അറിയില്ല. അറിവില്ലായ്‌മ കൊണ്ടാണ് ഇതൊക്കെ ചെയ്തത്. സംസ്ഥാനത്തെ പഞ്ചായത്തുകളുടെയും നഗരസഭയുടെയും സ്ഥലങ്ങളും കെട്ടിടങ്ങളും സംസ്ഥാന സർക്കാരിന്‍റേതാണ്. ഇവയെല്ലാം സംസ്ഥാന സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പിണറായി സർക്കാരിന് വികസനം മാത്രമാണ് ലക്ഷ്യമെന്നും ജനക്ഷേമ പദ്ധതികൾക്കാണ് മുൻഗണന നൽകുന്നെതെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴയിൽ വാർഡ് തലത്തിൽ എൽഡിഎഫ് മികച്ച ഭൂരിപക്ഷം നേടുമെന്നും ജി.സുധാകരൻ ആലപ്പുഴയിൽ പറഞ്ഞു.