ആലപ്പുഴ: ഒരു നേരത്തെ അന്നത്തിനായി പോലും കഷ്‌ടപ്പെടുന്ന കുടുംബങ്ങളെ നെഞ്ചോട് ചേര്‍ത്ത് ആലപ്പുഴയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍. 'ചില്‍ഡ്രന്‍ ഫോര്‍ ആലപ്പി-ഒരുപിടി നന്മ' എന്ന പദ്ധതിയിലൂടെയാണ് കുരുന്നുകള്‍ ആവശ്യക്കാര്‍ക്ക് സഹായമെത്തിക്കുന്നത്. ജില്ല ഭരണകൂടം നേതൃത്വം നല്‍കുന്ന പദ്ധതി ആരംഭിച്ച് ഒരു മാസത്തിനുള്ളില്‍ തന്നെ ആലപ്പുഴയിലെ സർക്കാർ, എയ്‌ഡഡ്, അൺ എയ്‌ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ ഉള്‍പ്പടെയുള്ള 900-ത്തോളം വിദ്യാലയങ്ങള്‍ ഇതിന്‍റെ ഭാഗമായിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ നടത്തിയ സര്‍വേയില്‍ ജില്ലയില്‍ 3,613 അതിദരിദ്ര കുടുംബങ്ങളുണ്ടെന്ന് കണ്ടെത്തിയിരുന്നു. പല തരത്തിലുള്ള അവശതകള്‍ അഭിമുഖീകരിക്കുന്ന ഇവര്‍ക്ക് വേണ്ട സഹായം നല്‍കി മെച്ചപ്പെട്ട ജീവിത സാഹചര്യം ഉറപ്പുവരുത്താനാണ് പദ്ധതിയിലൂടെ ജില്ല ഭരണകൂടത്തിന്‍റെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി എല്ലാ മാസവും ആദ്യത്തെ തിങ്കളാഴ്‌ച സ്‌കൂളുകളില്‍ 'കമ്മ്യൂണിറ്റി സര്‍വീസ് ഡേ' ആയി ആചരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
ഈ മാസം ആറിന് ആദ്യത്തെ കമ്മ്യൂണിറ്റി സർവീസ് ദിനം സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടന്നിരുന്നു. വിദ്യാര്‍ഥികള്‍ വീടുകളില്‍ നിന്നെത്തിക്കുന്ന സാധനങ്ങള്‍ സ്‌കൂളുകളില്‍ വച്ച് പായ്‌ക്ക് ചെയ്‌ത ശേഷമാണ് ദത്തെടുത്ത കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്നത്. സ്‌കൂളുകള്‍ വിതരണം ചെയ്യുന്ന കിറ്റുകളില്‍ ഒരു കുടുംബത്തിന് ഒരു മാസത്തേക്ക് ഉപയോഗിക്കാന്‍ വേണ്ട ആവശ്യ സാധനങ്ങളാകും ഉണ്ടാവുക.