ആലപ്പുഴ : ചരിത്ര പ്രസിദ്ധമായ ചമ്പക്കുളം ജലമേളയിൽ കേരള പൊലീസ് ടീം തുഴയെറിഞ്ഞ ചമ്പക്കുളം ചുണ്ടൻ ജേതാക്കൾ. ഫൈനലിൽ നടുഭാഗം ചുണ്ടനേയും കരിച്ചാലിനേയും പിന്തള്ളിയാണ് ചമ്പക്കുളം ഒന്നാമതെത്തിയത്. കേരളത്തിലെ ജലമേളകളുടെ സീസണിനാണ് ഇതോടെ തുടക്കമായത്.
പമ്പയാറ്റിൽ നടന്ന ചമ്പക്കുളം മൂലം വള്ളംകളിൽ ആദ്യമായാണ് കേരള പൊലീസ് ടീം മെഡല്‍ സ്വന്തമാക്കുന്നത്. ആവേശകരമായ ഫൈനലിൽ നടുഭാഗം ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടനെ വള്ളപ്പാടുകൾക്ക് പിന്നിലാക്കിയാണ് കേരള പൊലീസ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ ട്രോഫി നേടിയത്. നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനവും കാരിച്ചാൽ ചുണ്ടൻ മൂന്നാം സ്ഥാനവും നേടി.
ഇത്തവണ ചരിത്രത്തിലാദ്യമായി ഒമ്പത് ചുണ്ടൻ വള്ളങ്ങളാണ് 'രാജപ്രമുഖൻ' ട്രോഫിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ തുഴയെറിഞ്ഞത്. മാസ് ഡ്രില്ലിന് ശേഷം മൂന്ന് ഹീറ്റ്‌സിലായായിരുന്നു ചുണ്ടൻ വള്ളങ്ങളുടെ മത്സരം. ചമ്പക്കുളം ചുണ്ടനും നടുഭാഗവും കാരിച്ചാലും യഥാക്രമം ഒന്നും രണ്ടും മൂന്നും ഹീറ്റ്സിലെ ജേതാക്കളായതോടെയാണ് ഫൈനലിൽ ഏറ്റുമുട്ടിയത്.
ജലമേളയുടെ ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എംപിയും സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്‌ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ ജി രാജേശ്വരിയും നിർവഹിച്ചു.കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് അധ്യക്ഷത വഹിച്ചു.
Also Read: ഓളപ്പരപ്പിൽ മിന്നൽപ്പിണർ തീർക്കാൻ ജലരാജക്കൻമാർ; ചമ്പക്കുളം മൂലം വള്ളംകളി തുടങ്ങി
സമാപന സമ്മേളന ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാനദാനവും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ നിർവഹിച്ചു. ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിന് പുറമെ കുടുംബശ്രീ വനിതകളുടെ പ്രദർശന തുഴച്ചിലും ആവേശം പകരുന്നതായിരുന്നു. ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമായിരുന്നു ചുണ്ടൻവള്ളങ്ങളുടെ മത്സരത്തുഴച്ചിൽ. ചമ്പക്കുളം ജലമേള സമാപിച്ചതോടെ അടുത്ത ജലമാമാങ്കത്തിൽ കപ്പ് നേടാനുള്ള ഒരുക്കത്തിലാണ് ബോട്ട് ക്ലബ്ബുകള്‍.