ആലപ്പുഴ : വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപി ജില്ലയിൽ വലിയ മുന്നേറ്റം ഉണ്ടാകുമെന്ന് നിയുക്ത ബിജെപി ജില്ലാ പ്രസിഡന്‍റ് എം.വി.ഗോപകുമാർ. ജില്ലാ പ്രസിഡന്‍റായി ചുമതലയേറ്റശേഷം ബിജെപി പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർഎസ്എസ് ശാഖയിലെ ഒരു സാധാരണ പ്രവർത്തകനായാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയതെന്നും തികഞ്ഞ ഒരു സംഘപ്രവർത്തകനായി പൊതുപ്രവർത്തനം നടത്താൻ ശ്രമിക്കുമെന്നും ഗോപകുമാർ പറഞ്ഞു. വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലും ശേഷം വരുന്ന നിയമസഭാ പൊതുതെരഞ്ഞെടുപ്പിലും ജില്ലയിൽ ബിജെപിക്ക് മികച്ച മുന്നേറ്റം ഉണ്ടാക്കിക്കൊടുക്കാൻ പ്രവർത്തിക്കുമെന്നും സംഘടനയെ ഒറ്റക്കെട്ടായി മുന്നോട്ടു നയിക്കുമെന്നും ഗോപകുമാർ കൂട്ടിച്ചേർത്തു.
പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി വാർഡ് വിഭജനം ഉണ്ടായാൽ അത് ബിജെപിക്ക് അനുകൂലമാകുന്ന വിധത്തിൽ മാറ്റിയെടുക്കാൻ ജില്ലയിലെ ഓരോ പ്രവർത്തകനും പരിശ്രമിക്കണം. വാർഡ് വിഭജന പ്രക്രിയയുടെ ഭാഗമായി സസൂക്ഷ്‌മം പ്രവർത്തിക്കണമെന്നും പ്രവർത്തകരോട് ഗോപകുമാർ ആഹ്വാനം ചെയ്തു.