ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രചരണത്തിന് മുഖ്യമന്ത്രിയെ മുന്നിൽ നിർത്താൻ സിപിഎം തയ്യാറാകുന്നില്ലെന്ന് ബിജെപി നേതാവ് പികെ കൃഷ്‌ണദാസ്. സംസ്ഥാനത്ത് ഒരു സ്ഥലത്ത് പോലും പോസ്റ്ററുകളിലും പ്രചരണ ബോർഡുകളിലും മുഖ്യമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തിയിട്ടില്ല എന്നത് ഇതിന് തെളിവാണ്. മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെ ചിത്രം വച്ചാൽ വോട്ടുകിട്ടാൻ നേരിയ സാധ്യത ഉണ്ടെങ്കിൽ പോലും അതുപോലും നഷ്‌ടമാകുമെന്ന ഭയത്താലാണ് താഴെക്കിടയിലുള്ള പ്രവർത്തകർ ചിത്രം വെയ്ക്കാത്തതെന്നും കൃഷ്‌ണദാസ് ആരോപിച്ചു.
എൽഡിഎഫ് നാഥനില്ലാകളരിയായി മാറിയെന്നും കൃഷ്‌ണദാസ് കൂട്ടിച്ചേര്‍ത്തു. പ്രചരണം മുന്നിൽ നിന്ന് നയിക്കാൻ മുഖ്യമന്ത്രി ഭയപ്പെടുന്നുവെന്നും മുഖ്യമന്ത്രിയ്ക്ക് ജനങ്ങളെയാണ് ഭയമെന്നും കൃഷ്‌ണദാസ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മടിയിൽ കനമുണ്ട്. അതിനാൽ പുറത്തിറങ്ങി നടക്കാൻ ഭയമാണെന്നും ബിജെപി നേതാവ് ആലപ്പുഴയിൽ പറഞ്ഞു.