ആലപ്പുഴ: അരൂർ നിയോജക മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ഗുരുതരമായ ക്രമക്കേട് നടന്നതായി യു.ഡി.എഫ് സ്‌ഥാനാർഥി അഡ്വ. ഷാനിമോൾ ഉസ്‌മാൻ. അരൂരിലെ വോട്ടർപട്ടികയിൽ ഉള്ള നിരവധിപ്പേർക്ക് സമീപ മണ്ഡലങ്ങളായ ചേർത്തല, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിലും വോട്ടുണ്ട്. ഇത് വ്യാപകമായ ക്രമക്കേടുകൾക്ക് വഴി വയ്‌ക്കുമെന്ന് ഷാനിമോൾ ഉസ്‌മാൻ പറഞ്ഞു.
ചേർത്തലയിലെ ചില വോട്ടർമാരെ ബോധപൂർവം അരൂർ മണ്ഡലത്തിലെ വോട്ടർപട്ടികയിൽ ചേർത്തിട്ടുണ്ടെന്നും അവർ ആരോപിച്ചു. അതേ സമയം അരൂർ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയിലെ ഇരട്ട വോട്ടുകള്‍ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസർക്കും ആലപ്പുഴ ജില്ലാ കലക്‌ടർക്കും പരാതി നല്‍കിയതായി ഷാനിമോൾ ഉസ്‌മാൻ വ്യക്തമാക്കി.
കള്ളവോട്ട് ചെയ്യുന്നവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്നും അരൂർ മണ്ഡലത്തിൽ ഒരു കാരണവശാലും കള്ളവോട്ട് അനുവദിക്കില്ലെന്നും കള്ളവോട്ട് ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അവർ അറിയിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പോലെ തന്നെ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന നയമാണ് കേരളത്തിലെ ഇടതുപക്ഷവും സ്വീകരിച്ചു വരുന്നത്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷൻ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഷാനിമോൾ ആവശ്യപ്പെട്ടു.