ആലപ്പുഴ: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ കേരളത്തിന്റെ ആരോഗ്യത്തിൽ ജാഗ്രതയോടെ നിലകൊള്ളുകയാണ് ആലപ്പുഴയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് യൂണിറ്റ്. ആലപ്പുഴ വൈറോളജി ലാബിനെ അതിവേഗം ഈ നിലയിൽ മികവുറ്റ കേന്ദ്രമായി ഉയർത്താനും പൂനെ എൻഐവിയുടെ അംഗീകാരം നേടിയെടുക്കാനും കഴിഞ്ഞത് സംസ്ഥാന സർക്കാരും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജയും നടത്തിയ തീവ്ര പ്രയത്നത്തെ തുടർന്നാണ്. പുതുതലമുറ വൈറസായ കൊറോണ സംസ്ഥാനത്ത് തിരിച്ചറിഞ്ഞ ഉടന്‍ തന്നെ സര്‍ക്കാര്‍ പ്രതിരോധ നടപടികൾ കൈക്കൊള്ളുകയായിരുന്നു.
ബയോ സേഫ് ലെവൽ (ബിഎസ്എൽ ) ടു പ്ലസ് എന്ന വിഭാഗത്തിൽപ്പെടുന്ന ആലപ്പുഴ ലാബ് അനുബന്ധ സംവിധാനങ്ങളൊരുക്കി കൊറോണ വൈറസ് കണ്ടെത്താൻ വേണ്ട ബയോ സേഫ് ലെവൽ (ബി എസ് എൽ )മൂന്ന് എന്ന തലത്തിലേക്കു അടിയന്തിരമായി ഉയർത്തുകയായിരുന്നു. പ്രതിദിനം 100 രക്തസാമ്പിളുകളുടെ കൊറോണ വൈറസ് പരിശോധന ആലപ്പുഴ വൈറോളജി ലാബിൽ ഇപ്പോൾ നടത്താനാകുമെന്ന് ഓഫീസർ ഇൻ ചാർജ് ഡോ.എ.പി സുഗുണൻ പറഞ്ഞു.
ആറ് മുതല്‍ ഏഴ് മണിക്കൂർ കൊണ്ട് പരിശോധനാഫലം അറിയാനാകും. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിരീക്ഷണത്തിലുള്ളവരുടെ രക്ത സാമ്പിളുകൾ നിശ്ചിത ഇടവേളകളിൽ ഇവിടെയെത്തിച്ച് നിരന്തരം പരിശോധന നടത്തിവരുന്നു. നേരത്തെ പൂനെയിലെത്തിച്ച് വേണമായിരുന്നു വൈറസ് നിർണയം നടത്താൻ. ഇത് സമയം നഷ്ടവും സുരക്ഷ പ്രശ്നങ്ങളും ഉയർത്തിയിരുന്നു. ആലപ്പുഴ ലാബ് സുസജ്ജമായതോടെ പരിശോധന സുഗമവും വേഗത്തിലുമായി. ആർഎൻഎ വൈറസായ കൊറോണ തിരിച്ചറിയുന്നത് അതിന്റെ തനത് ഘടനയിൽ നിന്നാണ്. മൂന്ന് ഘട്ടങ്ങൾ ഉൾപ്പെട്ട പ്രക്രിയയിലൂടെയാണ് ഇത് സാധ്യമാകുന്നത്.
കൊറോണയ്ക്ക് പുറമെ നിപ്പ, എലിപ്പനി, ഡെങ്കി, കരിമ്പനി തുടങ്ങിയ വൈറസുകളും ആലപ്പുഴ ലാബിൽ പരിശോധിച്ച് കണ്ടെത്താനാകും. മൊത്തം 33 തരം രോഗാണുക്കളെ കണ്ടെത്താനുള്ള സംവിധാനം ഇവിടെയുണ്ട്. കൊറോണ കേരളത്തിൽ തിരിച്ചറിഞ്ഞ ഉടൻ ആൻഡമാൻ റീജിയണൽ റിസർച്ച് സെന്ററിലെ ജി ഗ്രേഡ് ശാസ്ത്രജ്ഞനായ പരപ്പനങ്ങാടി സ്വദേശി ഡോ.എ.പി സുഗുണനെ സംസ്ഥാന സർക്കാർ ആലപ്പുഴ ലാബിന്റെയും കൂടി ചുമതലയിൽ കൊണ്ടുവരികയായിരുന്നു. നിപ്പ കാലത്തും ഇദ്ദേഹം തന്നെയാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഏർപ്പെട്ടിരുന്നത്. ഡോ സുഗുണനു പുറമെ ഏഴു ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും സദാ ജാഗരൂകരായ ആലപ്പുഴ വൈറോളജി ലാബില്‍ പ്രവർത്തിക്കുന്നുണ്ട്.