ആലപ്പുഴ : ആലപ്പുഴ നഗരസഭാ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങൾ സംബന്ധിച്ച് ധാരണയായി. ഇന്ന് വൈകുന്നേരം ചേർന്ന എൽഡിഎഫ് പാർലമെന്‍ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്. ഇരവുകാട് വാർഡിൽ നിന്നുള്ള സിപിഎം സ്ഥാനാർഥി സൗമ്യരാജ് (ഇന്ദു ടീച്ചർ) ആലപ്പുഴ നഗരസഭാ ചെയർപേഴ്സണാവും.
ആലിശ്ശേരി വാർഡിൽ നിന്ന് വിജയിച്ച സിപിഐ നേതാവും എഐവൈഎഫ് സംസ്ഥാന ജോയിന്‍റ് സെക്രട്ടറിയുമായ പി.എസ്.എം ഹുസൈനാണ് വൈസ് ചെയർമാനാവുക. മന്ത്രി ജി സുധാകരന്‍റെ അധ്യക്ഷതയില്‍ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുത്തത്. മുൻപ് ഒരു തവണ ഇരവുകാട് വാർഡിൽ നിന്ന് തന്നെ കൗൺസിലറായിട്ടുള്ള സൗമ്യ രാജ് കോൺഗ്രസ് നേതാവും പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷനുമായിരുന്ന ബഷീർ കോയാപ്പറമ്പനെ പരാജയപ്പെടുത്തിയാണ് വിജയം സ്വന്തമാക്കിയത്. ഹുസൈൻ ഇത് രണ്ടാം തവണയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. കഴിഞ്ഞ തവണ മത്സരിച്ചിരുന്നു എങ്കിലും ഹുസൈൻ നിസാരവോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ ഉജ്ജ്വല വിജയമാണ് ഹുസൈൻ നേടിയത്.
നഗരസഭയിലെ മറ്റ് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങളെ സംബന്ധിച്ച് പിന്നീട് തീരുമാനിക്കും. കഴിഞ്ഞ ദിവസം ചേർന്ന ആലപ്പുഴ സൗത്ത് - നോർത്ത് ഏരിയ കമ്മിറ്റികളുടെ ശുപാർശകൾ ജില്ലാ കമ്മിറ്റി അംഗീകരിച്ചതോടെയാണ് സൗമ്യ രാജിന് നറുക്ക് വീണത്. സിപിഐ ജില്ലാ കൗൺസിൽ തീരുമാനപ്രാകാരമാണ് ഹുസൈൻ നഗരസഭാ ഉപാധ്യക്ഷനാവുക. 52 പേരുള്ള നിലവിലെ കൗൺസിലിൽ 35 അംഗങ്ങളാണ് എൽഡിഎഫിനുള്ളത്. രണ്ടു സ്വതന്ത്രർ കൂടി എൽഡിഎഫിന് പിന്തുണ നൽകുന്നുണ്ട്.