ആലപ്പുഴ: ജില്ലയില്‍ 87 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 51 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 14 പേർ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 19 പേർ വിദേശത്ത് നിന്നും എത്തിയവരാണ്. ചേർത്തലയിൽ താലൂക്ക് ആശുപത്രിയിലെ ഡോക്ടറിന് അടക്കം അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് നഴ്സുമാരും ഇതില്‍ ഉൾപ്പെട്ടിട്ടുണ്ട്. നേരത്തെ രോഗം സ്ഥിരീകരിച്ച എഴുപുന്ന സ്വദേശിനിയായ ഗർഭിണി ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിക്കാൻ സാധ്യതയുള്ളതിനാല്‍ താലൂക്ക് ആശുപത്രി അടയ്ക്കണമെന്ന് നഗരസഭാ ചെയർമാൻ വി.ടി ജോസഫ് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. യുവതിയുടെ സമ്പർക്ക പട്ടികയിൽ മുപ്പതിലധികം പേരുണ്ട്.
ജില്ലയിൽ 11 പേരുടെ പരിശോധന ഫലം നെഗറ്റീവായി. മുംബൈയിൽ നിന്നെത്തിയ അരൂർ സ്വദേശിനികൾ, ദമ്മാമിൽ നിന്ന് എത്തിയ ബുധനൂർ സ്വദേശി, കുവൈറ്റിൽ നിന്ന് എത്തിയ കരുവാറ്റ ചെങ്ങന്നൂർ, ചേർത്തല, മുഹമ്മ, പാലമേൽ സ്വദേശികൾ, ദുബായിൽ നിന്ന് വന്ന പുന്നപ്ര സ്വദേശി, ബഹ്‌റൈനിൽ നിന്ന് വന്ന ബുധനൂർ സ്വദേശി, മുംബൈയിൽ നിന്നെത്തിയ ചെങ്ങന്നൂർ സ്വദേശി എന്നിവരുടെ പരിശോധന ഫലം ആണ് നെഗറ്റീവായത്. ഇതോടെ രോഗമുക്തരായവർ 250 ആയി.