ആലപ്പുഴ: ചേർത്തലയിൽ ഗുണ്ട നേതാവിനെ പടക്കമെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതികൾ അറസ്റ്റിൽ. കേസിലെ ഒന്നും രണ്ടും പ്രതികളായ തണ്ണീർമുക്കം പഞ്ചായത്ത് മൂന്നാം വാർഡ് പോട്ടയിൽ വീട്ടിൽ ദീപു പി ലാൽ (34), മുഹമ്മ പഞ്ചായത്ത് രണ്ടാം വാർഡ് തുരുത്തേൽ വീട്ടിൽ അനന്തകൃഷ്‌ണൻ (24) എന്നിവരെയാണ് ചേർത്തല പൊലീസ് അറസ്റ്റ് ചെയ്‌തത്. ചേർത്തല കളവംക്കോടം സ്വദേശിയായ ഗുണ്ടാനേതാവ് സുരാജിനെ (സച്ചു) പടക്കമെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
ഒളിവിലായിരുന്ന പ്രതികളെ കൊല്ലം പരവൂർ ഭാഗത്തുള്ള വീട്ടിൽ നിന്നാണ് പിടികൂടിയത്. കഴിഞ്ഞ മെയ് ഒന്‍പതാം തിയതി മനോരമ ജങ്‌ഷന് സമീപമുള്ള ജിംനേഷ്യത്തിൽ നിൽക്കുകയായിരുന്ന സുരാജിന് നേരെ പ്രതികൾ നാടൻ പടക്കം എറിയുകയായിരുന്നു. സുരാജ് രക്ഷപ്പെട്ടെങ്കിലും ജിംനേഷ്യത്തിൽ ഉണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ജിംനേഷ്യത്തിന് മുന്നിൽ കിടന്ന കാറും പ്രതികൾ തല്ലിത്തകർത്തിരുന്നു.
ഇതോടെ കേസിലെ എല്ലാ പ്രതികളും പിടിയിലായി. ചേർത്തല എസ്‌എച്ച്‌ഒ ബി വിനോദ് കുമാർ, സബ് ഇൻസ്പെക്‌ടർ വിജെ ആന്‍റണി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അരുൺകുമാർ, ഗിരീഷ്, അനീഷ്, സതീഷ്, ബിനുമോൻ, മിഥുൻ ദാസ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.
ചേർത്തല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.
23കാരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: യുവാവ് അറസ്‌റ്റില്‍: ഇടുക്കി മൂന്നാറിലെ ഗവൺമെന്‍റ് ടിടിസി കോളജിലെ വിദ്യാർഥിനിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്‌റ്റില്‍. പാലക്കാട് പരിശക്കൽ സ്വദേശി സക്കരൈ വീട്ടിൽ ആൽവിൻ ജെറാൾഡ് (23) ആണ് അറസ്‌റ്റിലായത്. പെണ്‍കുട്ടിയുടെ മുൻ സുഹൃത്തായിരുന്നു ആൽവിൻ.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സംഭവം. ടീച്ചേഴ്‌സ് ട്രെയിനിങ് സെന്‍ററില്‍ നിന്നും ഹോസ്റ്റലിലേക്ക് പോയ പെൺകുട്ടിയെ നല്ലതണ്ണി റോഡിലെ പെന്തക്കോസ്‌ത് പള്ളിയ്‌ക്ക് സമീപമുള്ള ഒറ്റപ്പെട്ട സ്ഥലത്ത് വച്ച് പ്രതി ആക്രമിക്കുകയായിരുന്നു. കയ്യിൽ കരുതിയ ആയുധം ഉപയോഗിച്ച് പെൺകുട്ടിയുടെ തലയ്ക്ക് വെട്ടുകയായിരുന്നു. വെട്ടേറ്റ് രക്തത്തിൽ കുളിച്ച് പാതയോരത്ത് കിടന്ന പെൺകുട്ടിയെ ഇതുവഴി വാഹനത്തിൽ എത്തിയ നല്ലതണ്ണി ഐടിഡിയിലെ ജീവനക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്.
താമരശ്ശേരിയില്‍ ഗുണ്ട ആക്രമണം; 24കാരന് തലയ്‌ക്ക് വെട്ടേറ്റു: താമരശ്ശേരി പരപ്പൻപൊയിലില്‍, ഗുണ്ട ആക്രമണത്തെ തുടര്‍ന്ന് യുവാവിന് പരിക്ക്. നരിക്കുനി കാരുകുളങ്ങര സ്വദേശി മൃദുലിനെ (24) തലയ്‌ക്ക് വെട്ടുകയായിരുന്നു. ഏപ്രില്‍ 19 പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം.
വട്ടക്കുണ്ട് പാലത്തിനടുത്തുള്ള തട്ടുകടയില്‍ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കവെയാണ് ആക്രമണം. തലയ്‌ക്ക് ഗുരുതരമായി വെട്ടേറ്റ മൃദുലിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്തസ്രാവം നിലയ്‌ക്കാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
READ MORE | താമരശ്ശേരിയിൽ ഗുണ്ട ആക്രമണം ; യുവാവിന്‍റെ തലയ്‌ക്ക് വെട്ടേറ്റു
വിവരമറിഞ്ഞ് താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി. പരപ്പന്‍പൊയില്‍ വാടിക്കല്‍ സ്വദേശി ബിജുവാണ് തന്നെ വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്ന് മൃദുല്‍ പറഞ്ഞു. സാമ്പത്തിക ഇടപാട് സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം.