ആലപ്പുഴ: ശശിധരൻ എന്ന മേള രഘു ഇനി ഓർമ. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അറുപതാം വയസിലെ അന്ത്യം. കഴിഞ്ഞ മാസം 16 ന് വീട്ടിൽ കുഴഞ്ഞുവീണതിനെത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് രഘു വിട വാങ്ങി.
ചെങ്ങന്നൂർ സ്വദേശിയായ ശശിധരൻ എന്ന മേള രഘു മൂന്നര പതിറ്റാണ്ടായി ചേർത്തലയിലായിരുന്നു താമസം. 1980 ൽ കെജി ജോർജ് സംവിധാനം ചെയ്ത മേള എന്ന സിനിമയിലൂടെണ് ശശിധരൻ്റെ സിനിമ അരങ്ങേറ്റം. ആദ്യ സിനിമയായ മേളയിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ കൂടെ അഭിനയം തുടങ്ങിയ രഘു മോഹൻലാൽ അഭിനയിച്ച ദൃശ്യം രണ്ടിലൂടെ സിനിമ ജീവിതത്തിന് തിരശീലയിട്ടു. 35 ഓളം സിനിമകൾ.1980 ൽ ചെങ്ങന്നൂർ കൃസ്ത്യൻ കോളജിൽ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് നടൻ ശ്രീനിവാസൻ നേരിട്ടെത്തി സിനിമയിൽ അഭിനയിക്കാമോ എന്ന് ചോദിക്കുന്നത്. ഒരു സർക്കസ് കൂടാരത്തിൻ്റെ കഥ പറയുന്ന ചിത്രമായ മേളയിൽ പ്രധാന കഥാപാത്രമായി അഭിനയിക്കാൻ തീരുമാനിക്കുകയും പിന്നീട് സിനിമ, ജീവിതത്തിൻ്റെ ഭാഗമാക്കുകയും ചെയ്തു.
Read more: ദി ഫാമിലി മാൻ സീസൺ 2 ജൂണിൽ
ഗോവിന്ദൻകുട്ടിയെന്ന കേന്ദ്ര കഥാപാത്രമായി രഘുവും, മരണ കിണറിൽ ബൈക്ക് ഓടിക്കുന്ന സാഹസികനായ രമേശ് എന്ന കഥാപാത്രമായി മമ്മൂട്ടിയും അതിൽ മത്സരിച്ചഭിനയിച്ചു. കന്നഡ നടി അഞ്ജലി നായിഡുവായിരുന്നു രഘുവിൻ്റെ നായിക. രഘുവിന് നിർമ്മാതാവിൽ നിന്നും നല്ല പ്രതിഫലം കിട്ടിയെങ്കിലും തുടക്കക്കാരാനായ മമ്മൂട്ടിക്ക് തുഛമായ പ്രതിഫലം മാത്രമാണ് നൽകിയത്. സ്‌കൂൾ-കോളജ് തലങ്ങളിൽ നാടകവും മിമിക്രിയുമായി നടന്നിരുന്ന രഘു ആദ്യ സിനിമ കഴിഞ്ഞ ശേഷം സിനിമയിൽ തന്നെ കാലുറപ്പിച്ചു. സഞ്ചാരി, കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ, അപൂർവ സഹോദരങ്ങൾ, ഒരു ഇന്ത്യൻ പ്രണയകഥ തുടങ്ങി ദൃശ്യം 2 വരെയുള്ള 35ഓളം സിനിമകൾ. ദൂരദർശൻ നിർമ്മിച്ച സീരിയൽ വേലുമാലു സർക്കസിലും പ്രധാന വേഷം രഘുവിനെ തേടിയെത്തി. കമലഹാസൻ നായകനായി അഭിനയിച്ച അപൂർവ സഹോദരൻമാരില്‍ മമ്മൂട്ടിയുടെയും, ദൃശ്യം എന്ന സിനിമയിൽ മോഹൻലാലിൻ്റെയും നിർദേശപ്രകാരമാണ് രഘുവിന് അഭിനയിക്കാൻ അവസരം കിട്ടിയത്.
Read more:മേള രഘുവിന് വിട ; ആദരാഞ്ജലികളര്‍പ്പിച്ച് സിനിമാലോകം
അവസാന നാളിൽ ദുരിതങ്ങളുടെ നടുവിലായിരുന്നു ജീവിതം. സ്വന്തമായി വീടെന്ന സ്വപ്‌നം ബാക്കിവച്ചാണ് വാടക വീട്ടിൽ നിന്ന് മേള രഘു കടന്നുപോകുന്നത്. ഏക മകൾ സാന്ദ്രയുടെ വിവാഹം ഏപ്രിൽ 25 ന് നിശ്ചയിച്ചിരുന്നതാണ്. അതിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ ആശുപത്രിയിലായി. തുടർന്ന് കൊവിഡും ബാധിച്ചു. ഭാര്യ ശ്യാമളയും, മകൾ സാന്ദ്രയും അവസാന നിമിഷം വരെ ഒപ്പമുണ്ടായിരുന്നു. പണിതീരാത്ത ചെറിയ വീടിന് മുന്നിലൊരുക്കിയ ചിതയിൽ മേള രഘുവിൻ്റെ ജീവിതത്തിനും തിരശീല വീണു.
Read more: ആദിത്യന്‍റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു