ആലപ്പുഴ: വള്ളിക്കുന്നത്ത് അഭിമന്യുവിനെ കൊലപ്പെടുത്തിയത് വൈരാഗ്യം മൂലമെന്ന് പ്രതികളുടെ കുറ്റസമ്മത മൊഴി. മുഖ്യപ്രതി സജയ് ജിത്താണ് കേസ് അന്വേഷിക്കുന്ന സംഘത്തിന് മുൻപിൽ കുറ്റം സമ്മതിച്ച് മൊഴി നൽകിയത്.
അഭിമന്യുവിന്‍റെ സഹോദരൻ അനന്തുമായി തനിക്ക് മുൻ വൈരാഗ്യമുണ്ടായിരുന്നു എന്നും അനന്തുവിനെ അക്രമിക്കാനാണ് ഉത്സവ സ്ഥലത്ത് സംഘം ചേർന്ന് എത്തിയതെന്നുമാണ് മൊഴി. എന്നാൽ അനന്തുവിന് പകരം അഭിമന്യുവായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. ജ്യേഷ്‌ഠനെവിടെയെന്ന ചോദ്യത്തിൽ തുടങ്ങിയ സംഘർഷം പിന്നീട് കൊലപാതകത്തിലേക്കെത്തുകയായിരുന്നു.
അഭിമന്യുവിനെ കയ്യിൽ കരുതിയിരുന്ന മൂർച്ചയുള്ള കത്തികൊണ്ട്കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നും കൊലപാതകം ആസൂത്രിതമായി തന്നെ നടത്തിയതാണെന്നും പ്രതികൾ പൊലീസിന് മുൻപിൽ സമ്മതിച്ചിട്ടുണ്ട്. കേസിൽ കസ്‌റ്റഡിയിലുണ്ടായിരുന്ന രണ്ടു പ്രതികളുടെയും അറസ്‌റ്റ് ഇന്ന് രാവിലെ ഔദ്യഗികമായി രേഖപ്പെടുത്തി. മുഖ്യപ്രതി എന്ന നിലയിൽ സജയ് ജിത്തിന്‍റെയും സംഭവത്തിൽ പങ്കെടുത്ത പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച വള്ളിക്കുന്നം സ്വദേശി ജിഷ്‌ണു തമ്പിയുടെയും അറസ്‌റ്റാണ് രേഖപ്പെടുത്തിയത്. പ്രതികളെ ഉച്ചയ്‌ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. തുടർന്ന് തെളിവെടുപ്പിനായി പ്രതികളെ അന്വേഷണ സംഘം കസ്‌റ്റഡയിൽ വാങ്ങും.
അതേ സമയം ആക്രമണത്തിൽ അഞ്ച് പ്രതികളുണ്ടെന്ന് പൊലീസ് അറിയിച്ചു. ചെങ്ങന്നൂർ ഡി.വൈ.എസ്.പി ആർ.ജോസ്, വള്ളിക്കുന്നം സർക്കിൾ ഇൻസ്‌പെക്‌ടർ ഡി.മിഥുൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.