ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ കൊവിഡ് ആശങ്കയിലാണ്. കൊവിഡ് രണ്ടാം തരംഗം എല്ലാ മേഖലയിലുമെന്ന പോലെ കായിക രംഗത്തെയും പ്രതികൂലമായി ബാധിച്ചു. വ്യക്തിഗത ഇനത്തില്‍ മത്സരിക്കുന്ന 10 അത്‌ലറ്റുകളുടെ പരിശീലനം ഉള്‍പ്പെടെ കൊവിഡ് രണ്ടാം തരംഗത്തില്‍ മുടങ്ങിയെന്ന് അത്‌ലറ്റിക്ക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അധ്യക്ഷന്‍ അദിലെ സുമരിവാല പറഞ്ഞു. ഇന്ത്യയുടെ ഒളിമ്പിക് പ്രതീക്ഷകള്‍ നേരിടുന്ന കൊവിഡ് വെല്ലുവിളികളെ കുറിച്ച് അസോസിയേഷന്‍ ആശങ്കയിലാണ്.
ടോക്കിയോയിലേക്ക് ടിക്കറ്റ് സ്വന്തമാക്കിയ നീരജ് ചോപ്ര, ശിവ്‌പാല്‍ സിങ് എന്നിവര്‍ക്ക് ഉള്‍പ്പെടെ നിലവില്‍ പരിശീലനം നടത്താനാകുന്നില്ല. ദോഹ ലോക ചാമ്പ്യന്‍ഷിപ്പിലൂടെ ഒളിമ്പിക് യോഗ്യത നേടിയ മിക്‌സഡ് റിലേ ടീമും സമാന സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്.
ടോക്കിയോയിലേതിന് സമാന കാലാവസ്ഥയില്‍ അത്‌ലറ്റുകളെ പരിശീലിപ്പിക്കാനുള്ള ശ്രമങ്ങളും പരാജയപ്പെടുകയാണ്. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യൂറോപ്പില്‍ 15 ദിവസത്തെ ക്വാറന്‍റൈന്‍ എര്‍പ്പെടുത്തിയതാണ് വെല്ലുവിളി. ക്വാറന്‍റൈന്‍ കാലയളവില്‍ പരിശീലനം നടത്തിയില്ലെങ്കില്‍ അത്‌ലറ്റുകളെ അത് സാരമായി ബാധിക്കും.
ജൂലൈ 23 മുതല്‍ ഓഗസ്റ്റ് എട്ട് വരെയാണ് ടോക്കിയോ ഒളിമ്പിക്‌സ്. കഴിഞ്ഞ വര്‍ഷം കൊവിഡിനെ തുടര്‍ന്ന് മാറ്റിവെച്ച ഒളിമ്പിക്‌സ് ഇത്തവണ കര്‍ശന നിയന്ത്രണങ്ങളോടെ നടത്തുന്നത്.