ന്യൂഡല്‍ഹി: ഒളിമ്പിക് വെങ്കലപ്പോരാട്ടത്തില്‍ ജര്‍മനിയെ കീഴടക്കി വിജയം നേടിയ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിങ്ങിനേയും കോച്ച് ഗ്രഹാം റീഡിനേയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മത്സര ശേഷം ഇരുവരേയും ഫോണില്‍ ബന്ധപ്പെട്ടായിരുന്നു മോദിയുടെ പ്രശംസ. മാസങ്ങളായുള്ള ഇരുവരുടേയും കഠിനാധ്വാനത്തിന് ഫലം ലഭിച്ചുവെന്നാണ് മോദി ഇരുവരേയും പ്രശംസിച്ചത്.
അതേസമയം ഇരുവരേയും അഭിനന്ദിക്കുന്ന പ്രധാനമന്ത്രിയുടെ വീഡിയോ സായി ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. "നിങ്ങൾക്കും മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. നിങ്ങള്‍ ചരിത്രം സൃഷ്ടിച്ചു. രാജ്യം മുഴുവൻ സന്തോഷത്തിലാണ്. മാസങ്ങളായുള്ള നിങ്ങളുടെ കഠിനമായ പ്രയത്നങ്ങള്‍ക്ക് പ്രതിഫലം ലഭിച്ചു. അഭിനന്ദനങ്ങൾ കോച്ച് റീഡ്, നിങ്ങൾ ചരിത്രം സൃഷ്ടിച്ചു" വീഡിയോയില്‍ മോദി പറഞ്ഞു.
also read: 'ഈ വിജയം കൊവിഡ് പോരാളികള്‍ക്ക്'; വികാരാധീനനായി മന്‍പ്രീത്
വെങ്കല മെഡലിനായുള്ള ആവേശപ്പോരാട്ടത്തില്‍ നാലിനെതിരെ അഞ്ചുഗോളുകള്‍ക്കാണ് ഇന്ത്യ ജര്‍മനിയെ കീഴടക്കിയത്. ടുര്‍ണമെന്‍റിലുടനീളം ഇന്ത്യയുടെ യാത്രയില്‍ നിര്‍ണായകമായ മലയാളി ഗോള്‍കീപ്പര്‍ ശ്രീജേഷിന്‍റെ മിന്നുന്ന സേവുകളും സിമ്രാന്‍ജീത്തിന്‍റെ ഇരട്ട ഗോള്‍ നേട്ടവുമാണ് ഇന്ത്യയ്ക്ക് നിര്‍ണായകമായത്.