ന്യൂഡൽഹി: ഇത്തവണ ടോക്കിയോയിൽ നടക്കുന്ന പാരാലിമ്പിക്‌സിൽ ഇന്ത്യ അഞ്ച് സ്വർണമടക്കം 15 മെഡലുകളെങ്കിലും സ്വന്തമാക്കുമെന്ന് ഇന്ത്യയുടെ ഒളിമ്പിക്‌സ് സംഘത്തലവൻ ഗുർശരൺ സിങ്. 11 പാരാലിമ്പിക്‌സുകളിൽ നിന്നായി നാല് സ്വർണമടക്കം 12 മെഡലുകൾ ഇന്ത്യ ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്.
പാരാ ആർച്ചറി, പാരാ അത്ലറ്റിക്‌സ്, പാരാ ബാഡ്മിന്‍റൺ, പാരാ കാനോയിങ്, പാരാ ഷൂട്ടിങ്, പാരാ സ്വിമ്മിങ്, പാരാ പവർലിഫ്റ്റിങ്, പാരാ ടേബിൾ ടെന്നീസ്, പാരാ തായ്ക്വോണ്ടോ തുടങ്ങി ഒൻപത് കായിക ഇനങ്ങളിലായി 54 ഇന്ത്യൻ താരങ്ങളാണ് ഇത്തവണ മത്സരത്തിനിറങ്ങുന്നത്. പാരാലിമ്പിക്‌സിലെ ഏറ്റവും വലിയ ഇന്ത്യൻ സംഘമാണ് ഇത്തവണ ടോക്കിയോയിലെത്തിയിരിക്കുന്നത്.
ഇത് നമ്മുടെ എക്കാലത്തെയും മികച്ച പാരാലിമ്പിക് മത്സരമായിരിക്കും. നമ്മുടെ താരങ്ങൾ അന്താരാഷ്‌ട്ര മത്സരങ്ങളിൽ മികച്ച പ്രകടനമാണ് കാഴ്‌ചവെച്ചിട്ടുള്ളത്. അവർ ഒളിമ്പിക്‌സിനായി തയ്യാറായിക്കഴിഞ്ഞു, ഗുർശരൺ സിങ് പറഞ്ഞു.
ALSO READ: പാരാലിമ്പിക്‌സ് ; ഇന്ത്യയിൽ നിന്നുള്ള ആദ്യ സംഘം ടോക്കിയോയില്‍
ഇത്തവണ അഞ്ച് സ്വർണ്ണമുൾപ്പെടെ 15ഓളം മെഡൽ ഇന്ത്യ സ്വന്തമാക്കുമെന്നാണ് പ്രതീക്ഷ. ബാഡ്‌മിന്‍റണിലും, ഷൂട്ടിങ്ങിനും ഉറപ്പായ മെഡൽ പ്രതീക്ഷയുണ്ട്, ഗുർശരൺ സിങ് കൂട്ടിച്ചേർത്തു.