ന്യൂഡല്‍ഹി: ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയെ ടാര്‍ഗറ്റ് ഒളിമ്പിക് പോഡിയം സ്കീമിലേക്ക് (ടോപ്സ്) തെരഞ്ഞെടുത്തു. 56-ാമത് മിഷൻ ഒളിമ്പിക് സെൽ (എംഒസി) യോഗത്തിലാണ് തീരുമാനം.
നേരത്തെ 2017ലും ടോപ്‌സിലേക്ക് സാനിയയെ തെരഞ്ഞെടുത്തിരുന്നെങ്കിലും സെലക്ഷന്‍ കഴിഞ്ഞയുടനെ താരം പിന്‍വാങ്ങുകയായിരുന്നു. സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എസ്‌ഐഐ) ആസ്ഥാനത്ത് നടന്ന ടോപ്‌സ് എലൈറ്റ് അത്‌ലറ്റ്സ് ഐഡന്‍റിഫിക്കേഷൻ കമ്മിറ്റിയുടെ നാലാമത്തെ യോഗത്തിലായിരുന്നു അന്ന് ഇതു സംബന്ധിച്ച തീരുമാനം.
നിലവിൽ വനിതകളുടെ ലോക റാങ്കിങ്ങില്‍ 157-ാം സ്ഥാനത്തും ഡബിൾസ് റാങ്കിങ്ങില്‍ ഒൻപതാം സ്ഥാനത്തുമാണ് സാനിയ. പുതിയ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ഈ വർഷം ജൂലൈയിൽ ആരംഭിക്കുന്ന ടോക്കിയോ ഒളിമ്പിക്സിനും താരത്തിന് സാധ്യതയുണ്ട്.
വുമണ്‍സ് ടെന്നിസ് അസോസിയേഷന്‍റെ(ഡബ്ല്യുടിഎ) നിയമ പ്രകാരം, ആരോഗ്യപരമായ കാരണങ്ങളാലും മറ്റും കുറഞ്ഞത് ആറ് മാസത്തേക്കെങ്കിലും മത്സര രംഗത്തിന് പുറത്തുള്ള താരങ്ങള്‍ക്കാണ് പ്രത്യേക റാങ്കിങ് നല്‍കുക( റാങ്കിങ് ഫ്രീസ്). താരങ്ങള്‍ 52 ആഴ്‌ചയിൽ കൂടുതൽ മത്സരത്തിന് പുറത്താകുമ്പോൾ, അവരുടെ അവസാന ടൂർണമെന്‍റിലെ പ്രകടനം അടിസ്ഥാനമാക്കി മൂന്ന് വർഷത്തേക്കും അവർക്ക് റാങ്കിംഗ് ഫ്രീസ് ലഭിക്കും. ഈ മൂന്ന് വര്‍ഷ കാലയളവില്‍ 12 ടൂര്‍ണമെന്‍റില്‍ താരങ്ങള്‍ക്ക് പങ്കെടുക്കാം (1 ഗ്രാൻസ്ലാം / ഒളിമ്പിക്സ് & 1 ഡബ്ല്യുടിഎ 1000 നിർബന്ധിത ഇവന്‍റാണ്).