വാഷിംഗ്ടൺ: മിയാമി ഓപ്പണില്‍ ജപ്പാന്‍റെ നവോമി ഒസാക്ക ക്വാര്‍ട്ടറില്‍. ബെൽജിയത്തിന്‍റെ എലിസ് മെർട്ടൻസിനെ 6-3, 6-3 എന്ന സ്കോറിന് തോല്‍പ്പിച്ചാണ് നവോമി ടൂർണമെന്‍റിന്‍റെ ക്വാർട്ടർ ഫൈനല്‍ ഉറപ്പിച്ചത്. നവോമിയുടെ കരിയറില്‍ ആദ്യമായാണ് മിയാമി ഓപ്പണിന്‍റെ അവസാന എട്ടില്‍ പ്രവേശിക്കുന്നത്.
ഗ്രീസിന്‍റെ മരിയ സക്കാറിയാണ് ക്വാർട്ടർ ഫൈനലില്‍ ഒസാക്കയുടെ എതിരാളി. വിജയം ശരിക്കും ആവേശകരമായി തോന്നുന്നുവെന്ന് മത്സരത്തിന് പിന്നാലെ ഒസാക്ക പ്രതികരിച്ചു. വിവധ ടൂര്‍ണമെന്‍റുകളിലായി ഇത് മൂന്നാം തവണയാണ് 16ാം സീഡായ മെര്‍ട്ടിസിനെ രണ്ടാം സീഡായ നവോമി തോല്‍പ്പിക്കുന്നത്.
" എന്‍റെ പ്രിയപ്പെട്ട ടൂർണമെന്‍റുകളിൽ ഒന്നാണിത് , ഈ ടൂർണമെന്‍റില്‍ കളിച്ച അവസാന തവണ രണ്ടാം ആഴ്ചയിൽ എത്താൻ കഴിയാതിരുന്നതിൽ എനിക്ക് സങ്കടമുണ്ട്. എന്നാൽ ഞാൻ ഇപ്പോൾ ഇവിടെയുണ്ട്, പ്രതീക്ഷയോടെ, ഈ സമയം അത് നന്നായി നടക്കും“- ഒസാക്ക പറഞ്ഞു.