പാരീസ്: ചെറുപ്പത്തിലെ കിട്ടുന്ന പ്രശസ്തി താങ്ങാനാവാതെ താന്‍ വിഷാദത്തില്‍ അകപ്പെട്ട് പോയെന്ന വെളിപ്പെടുത്തലുമായി ടെന്നീസിലെ കൗമാര താരം കൊകൊ ഗാഫ്. എന്നാല്‍ അതില്‍ നിന്നും ഇപ്പോൾ താന്‍ മോചിതയായി വരികയാണെന്നും അമേരിക്കക്കാരിയായ താരം വ്യക്തമാക്കി. കഴിഞ്ഞ വർഷം ജൂലൈ മുതല്‍ സ്വപ്ന കുതിപ്പിലാണ് 16 കാരിയായ ഗാഫ്. വിംബിൾഡണിലും ഓസ്‌ട്രേലിയന്‍ ഓപ്പണിലും നാലാം റൗണ്ടിലെത്തി. 15-ാം വയസില്‍ വനിതാ റാങ്കിങ്ങില്‍ ആദ്യ 50-ലെത്തി. ആൾ ഇംഗ്ലണ്ട് ക്ലബില്‍ ടെന്നീസില്‍ ഇതിഹാസ താരം വീനസ് വില്യംസിനെ ഗാഫ് പരാജയപ്പെടുത്തിയിരുന്നു. വിംബിൾഡണിന് യോഗ്യത നേടിയ പ്രായം കുറഞ്ഞ താരമെന്ന നേട്ടവും ഗാഫിനെ തേടിയെത്തി. തന്‍റെ 15-ാം വയസിലാണ് ഗാഫ് വിംബിൾഡണ്‍ കളിച്ചത്.
കടുത്ത മാനസിക സമ്മർദമാണ് കഴിഞ്ഞ 12 മാസമായി അനുഭവിച്ചതെന്ന് താരം വെളിപ്പെടുത്തുന്നു. ജീവിതത്തില്‍ ഉടനീളം ഏതു കാര്യവും ചെയ്യുന്ന പ്രായം കുറഞ്ഞ പെണ്‍കുട്ടിയായിരുന്നു താന്‍. അത് വലിയ മാനസിക സമ്മർദം ഉണ്ടാക്കി. പെട്ടന്ന് പൊതുജന ശ്രദ്ധയില്‍ വരുന്നത് താങ്ങാനായില്ല. അത് വിഷാദത്തിലെത്തിച്ചു. കാര്യങ്ങൾ വേണ്ട വിധം കൈകാര്യം ചെയ്യാനും സാധിച്ചില്ല. എന്നാല്‍ ഇപ്പോൾ വീണ്ടും ടെന്നീസിനെ സ്‌നേഹിക്കാനും കാര്യങ്ങൾ ഉൾക്കൊള്ളാനും കഴിയുന്നതായും ഗാഫ് പറഞ്ഞു.
വീനസ് സഹോദരിമാരെയും തന്നെയും താരതമ്യപ്പെടുത്തരുതെന്ന് ഗാഫ് വ്യക്തമാക്കി. തന്‍റെ കരിയറില്‍ അവർ ഇരുവരെയും മാതൃകയായി സ്വീകരിച്ചതാണെന്നും ഗാഫ് കൂട്ടിച്ചേർത്തു. ഇരുവർക്കുമൊപ്പം ചേർത്ത് തന്നെ താരതമ്യം ചെയ്‌തത് ഏറെ സമ്മർദമുണ്ടാക്കിയെന്നും താരം പറഞ്ഞു.