ലണ്ടൻ : വിംബിൾഡണ്‍ ടെന്നിസിൽ നിലവിലെ ചാമ്പ്യൻമാരായ നൊവാക് ജോക്കോവിച്ചിനും (Jnovak Djokovic) എലേന റൈബാകിനയും (Elena Rybakina) സൂപ്പർ താരം ഡാനിൽ മെദ്‌വദേവും (Daniil Medvedev) ക്വാർട്ടറിൽ പ്രവേശിച്ചു. മെദ്‌വെദേവും റൈബാകിനയും വാക്കോവറിലൂടെ ക്വാർട്ടറിലെത്തിയപ്പോൾ ജോക്കോവിച്ച് പോളിഷ് താരം ഹുബർട്ട് ഹുർകാച്ചിനെ 3-1 ന് പരാജയപ്പെടുത്തുകയായിരുന്നു. അതേസമയം ലോക അഞ്ചാം നമ്പർ താരമായ സ്റ്റെഫാനോസ് സിറ്റ്‌സിപാസ് അട്ടിമറിയിലൂടെ പുറത്തായി.
വിംബിൾഡണിലെ നൂറാം മത്സരത്തിനിറങ്ങിയ ജോക്കോവിച്ച് വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഹുബർട്ട് ഹുർകാച്ചിനെ പരാജയപ്പെടുത്തിയത്. വിജയത്തോടെ വിംബിൾഡണിൽ തുടർച്ചയായ 32-ാം ജയവും 14-ാം ക്വാർട്ടർ പ്രവേശനവുമാണ് ജോക്കോവിച്ച് സ്വന്തമാക്കിയത്. ആദ്യ രണ്ട് സെറ്റുകൾ കടുത്ത മത്സരത്തിനൊടുവിലാണ് ജോക്കോവിച്ച് വിജയിച്ച് കയറിയത്.
പക്ഷേ മൂന്നാം സെറ്റിൽ ഗംഭീര തിരിച്ചുവരവ് നടത്തി ഹുർകാച്ച് വിജയം പിടിച്ചെടുത്തു. എന്നാൽ നാലാം സെറ്റിൽ തകർപ്പൻ മുന്നേറ്റം നടത്തി ജോക്കോ ക്വാർട്ടർ പ്രവേശനം രാജകീയമാക്കുകയായിരുന്നു. സ്‌കോർ : 7-6(6), 7-6(6), 5-7, 6-4. ക്വാർട്ടർ ഫൈനലിൽ നൊവാക് ജോക്കോവിച്ച് ലോക ഏഴാം നമ്പര്‍ ആന്ദ്രേ റൂബ്ലെവിനെ നേരിടും.
ചെക്ക് റിപ്പബ്ലിക്കൻ താരമായ ജിരി ലെഹെക്കയെയാണ് മെദ്‌വദേവ് പ്രീ ക്വാർട്ടറിൽ നേരിട്ടത്. എന്നാൽ മത്സരത്തിന്‍റെ മൂന്നാം സെറ്റിൽ ലെഹെക്കയ പരിക്കേറ്റ് പിൻമാറുകയായിരുന്നു. ഈ സമയം 6-4, 6-2 എന്ന സ്‌കോറിന് ബഹുദൂരം മുന്നിലായിരുന്നു മെദ്‌വദേവ്. ഇതോടെ മെദ്‌വദേവിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതാദ്യമായാണ് മെദ്‌വെദേവ് വിംബിൾഡണിന്‍റെ ക്വാർട്ടറിൽ പ്രവേശിക്കുന്നത്.
രണ്ടാം കിരീടം ലക്ഷ്യമിച്ച് റൈബാകിന : ലോക 13-ാം നമ്പർ താരമായ ബ്രസീലിന്‍റെ ഹാഡഡ് മായിയെ പരാജയപ്പെടുത്തിയാണ് നിലവിലെ ചാമ്പ്യനായ എലേന റൈബാകിന ക്വാർട്ടർ ഫൈനലിൽ ഇടം നേടിയത്. ആദ്യ സെറ്റിൽ റൈബാക്കാന 3-1 ന് മുന്നിട്ട് നിൽക്കുമ്പോൾ ബ്രസീലിയൻ താരത്തിന് പുറം വേദന അനുഭവപ്പെടുകയായിരുന്നു. പിന്നാലെ താരം മത്സരത്തിൽ നിന്ന് പിൻമാറിയതോടെ റൈബാക്കാനയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
സിറ്റ്സിപാസിന് നേരെ അട്ടിമറി : അതേസമയം ലോക അഞ്ചാം നമ്പർ താരമായ ഗ്രീസിന്‍റെ സ്റ്റെഫാനോസ് സിറ്റ്സിപാസ് വൻ അട്ടിമറിയിലൂടെ ക്വാർട്ടർ കാണാതെ പുറത്തായി. അമേരിക്കയുടെ സീഡില്ലാ താരം ക്രിസ്റ്റഫർ യുബാങ്ക്സാണ് അഞ്ച് സെറ്റുകൾ നീണ്ട മത്സരത്തിനൊടുവിൽ സിറ്റ്‌സിപാസിനെ അട്ടിമറിച്ചത്. 3-2 എന്ന സ്‌കോറിനായിരുന്നു യുബാങ്ക്‌സിന്‍റെ വിജയം. സ്‌കോര്‍ : 3-6, 7-6, 3-6, 6-4, 6-4.
അസറങ്കയ്‌ക്ക് തോൽവി : കഴിഞ്ഞ ദിവസം വനിത സിംഗിൾസ് പ്രീ ക്വാർട്ടറിൽ സൂപ്പർ താരം വിക്‌ടോറിയ അസറങ്കയെ അട്ടിമറിച്ച് യുക്രൈൻ താരം എലീന സ്വിറ്റോലിന ക്വാർട്ടറിൽ പ്രവേശിച്ചിരുന്നു. 2-1 എന്ന സ്‌കോറിനായിരുന്നു സ്വിറ്റോലിനയുടെ വിജയം. മത്സരത്തിന്‍റെ ആദ്യ സെറ്റ് അസറങ്ക അനായാസം സ്വന്തമാക്കിയപ്പോൾ രണ്ടാം സെറ്റിൽ എലീന ശക്‌തമായി തിരിച്ചടിച്ചു.
ആവേശകരമായ മൂന്നാം സെറ്റ് ടൈ ബ്രേക്കറിനൊടുവിൽ സ്വിറ്റോലിന പിടിച്ചെടുക്കുകയായിരുന്നു. സ്‌കോർ - 2-6 6-4 7-6 (11-9). മത്സരത്തിന് ശേഷം അസറങ്ക, യുക്രൈന്‍ താരത്തിന് ഷേക്ക്ഹാന്‍ഡ് നല്‍കാതെ പുറത്തേക്ക് പോയത് വലിയ വിവാദങ്ങൾക്ക് വഴിവച്ചു. മത്സര ശേഷം മാച്ച് റഫറിക്ക് അരികിലെത്തി റഫറിക്ക് കൈ നല്‍കിയ ശേഷം അസറങ്ക കളം വിടുകയായിരുന്നു.